Site iconSite icon Janayugom Online

ഗ്യാന്‍വാപി മസ്ജിദ് പരിശോധന വിലക്കി സുപ്രീം കോടതി; ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം

വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദിലെ ശാസ്ത്രീയ പരിശോധന രണ്ട് ദിവസത്തേക്ക് വിലക്കി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ശാസ്ത്രീയ പരിശോധനയ്ക്ക് അനുമതി നല്‍കിയ വാരണാസി ജില്ലാ കോടതി ഉത്തരവ് നടപ്പിലാക്കുന്നതാണ് സുപ്രീം കോടതി തടഞ്ഞത്. ഇതനുസരിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇന്നലെ ആരംഭിച്ച സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചു.

ഉത്തരവിനെതിരെ മേല്‍ കോടതികളില്‍ അപ്പീലുമായി സമീപിക്കാന്‍ അവസരം ഉണ്ടാകുന്നതിനു മുന്നേ ഇന്നലെ രാവിലെ തന്നെ എഎസ്ഐ സര്‍വേ നടപടികള്‍ക്ക് തുടക്കമിടുകയായിരുന്നു. മസ്ജിദില്‍ കുഴിക്കല്‍ നടന്നാല്‍ അത് നികത്താനാകാത്ത നഷ്ടമാകും വരുത്തി വയ്ക്കുകയെന്ന് മസ്ജിദ് കമ്മിറ്റിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹസേഫ അഹമ്മദി കോടതിയെ അറിയിച്ചു. 

വാരണാസി സെഷന്‍സ് കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. കുഴിക്കലിനും കോടതി അനുമതി നല്‍കിയിട്ടുണ്ടെങ്കിലും മസ്ജിദില്‍ കുറഞ്ഞത് ഒരാഴ്ചത്തേക്കെങ്കിലും കുഴിച്ച് പരിശോധന ഉണ്ടാകില്ലെന്നായിരുന്നു എഎസ്ഐ സുപ്രീം കോടതിയെ അറിയിച്ചത്. ഇതുകൂടി പരിഗണിച്ചാണ് ഹൈക്കോടതിയെ സമീപിക്കാനുള്ള സാവകാശം ലഭിക്കാന്‍ ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിവരെ വിധി നടപ്പാക്കുന്നത് തടഞ്ഞു കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കിയത്. ജൂലൈ 26 ന് മുമ്പ് കേസ് പരിഗണിക്കണമെന്ന് അലാഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. 

പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഗ്യാന്‍വാപി മസ്ജിദ് നേരത്തെ നിലവിലുള്ള അമ്പലത്തിനു മുകളില്‍ നിര്‍മ്മിച്ചതാണെന്നും മസ്ജിദില്‍ ശിവലിംഗം ഉണ്ടെന്നും അവിടെ ആരാധനയ്ക്ക് അനുമതി വേണമെന്നും ആവശ്യപ്പെട്ട് നാല് സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കേസിന് ആസ്പദം. 

Eng­lish Sum­ma­ry: Supreme Court Bans Gyan­wapi Masjid Inspec­tion; Advised to approach High Court

You may also like this video

Exit mobile version