Site iconSite icon Janayugom Online

ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതില്‍ ഹൈക്കോടതിക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി

ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതില്‍ കേരള ഹൈക്കോടതിക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. സെഷന്‍സ് കോടതികളെ സമീപിക്കാത്ത പ്രതികള്‍ക്ക് ഹൈക്കോടതി നേരിട്ട് ജാമ്യം നല്‍കുന്നതിലാണ് വിമര്‍ശനം രാജ്യത്ത് മറ്റൊരു ഹൈക്കോടതിയിലും സമാനമായ സാഹചര്യം ഇല്ലെന്നാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ ആദ്യം സമീപിക്കേണ്ടത് സെഷന്‍സ് കോടതിയെയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഈ വിഷയം പരിശോധിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്രയെ അമിക്കസ് ക്യൂറിയായി നിയമിച്ച പരമോന്നത കോടതി, കേരള ഹൈക്കോടതിക്ക് വിശദീകരണം തേടി നോട്ടീസുമയച്ചു. കേരളത്തിൽ നിന്നുള്ള ഒരു കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ആണ് ജസ്റ്റിസുമാരായ വിക്രം നാഥ്‌, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് കേരള ഹൈക്കോടതി നടപടിയെ വിമർശിച്ചത്. ബിഎൻഎസ്എസിന്റെ 482-ാം വകുപ്പ് പ്രകാരം നേരിട്ട് ഫയൽ ചെയ്യുന്ന മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന പ്രവണത കേരള ഹൈക്കോടതിയിൽ മാത്രമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്ര ഉള്‍പ്പെടെ മറ്റൊരു ഹൈക്കോടതിയിലും സമാനമായ നടപടി ഇല്ലെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സന്ദീപ് മേത്ത ചൂണ്ടിക്കാട്ടിയത്. ക്രിമിനൽ കേസുകളിലെ വസ്തുതകൾ അറിയാവുന്നത് സെഷൻസ് കോടതിയിലാണ്. പലപ്പോഴും ഹൈക്കോടതികൾക്ക് കേസുകളുടെ പൂർണ്ണമായ വസ്തുത അറിയണമെന്നില്ല‑സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്നാൽ വിചാരണ കോടതിയെ സമീപിക്കാതെ നേരിട്ട് ഫയൽ ചെയ്യുന്ന ജാമ്യാപേക്ഷകൾ ഹൈക്കോടതി പരിഗണിക്കുന്നതിൽ നിയമപരമായി തെറ്റില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസിൽ ഒക്ടോബർ 14 ന് വിശദ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.ഹൈക്കോടതി മുൻ‌കൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് സുപ്രീം കോടതിയെ സമീപിച്ച മുഹമ്മദ് റസലിന്റെ ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മുഹമ്മദ് റസലിന് വേണ്ടി അഭിഭാഷകൻ ഷിനോജ് കെ നാരായണനും, സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോൺസുൽ ഹർഷദ് വി ഹമീദും ഹാജരായി. 

Exit mobile version