Site icon Janayugom Online

മിടിക്കുന്ന കുരുന്ന് ഹൃദയം പിടിച്ചുനിര്‍ത്താനാവില്ല; ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ച് സുപ്രീം കോടതി

pregnant

26 ആഴ്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വിവാഹിത സമർപ്പിച്ച ഹര്‍ജി തള്ളി സുപ്രീം കോടതി. മിടിക്കുന്ന കുരുന്ന് ഹൃദയം പിടിച്ചുനിര്‍ത്താനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രസവശേഷമുള്ള വിഷാദരോഗാവസ്ഥയിലൂടെ കടന്നുപോകുന്നതായി കാണിച്ച് 27കാരിയായ ഡല്‍ഹി സ്വദേശിനി നൽകിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർഡിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് തള്ളിയത്. നേരത്തെ, രണ്ടംഗ ബെഞ്ച് വിഷയത്തിൽ ഭിന്നവിധി പുറപ്പെടുവിച്ചിരുന്നു. 26 ആഴ്ചയും അഞ്ച് ദിവസവും പിന്നിടുന്ന ഗര്‍ഭം അലസിപ്പിക്കുന്നത് മെഡിക്കല്‍ ചട്ടങ്ങളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

എയിംസ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് കോടതി വിലയിരുത്തി. വിഷയത്തിലെ എല്ലാ ചികിത്സാ ചെലവുകളും സംസ്ഥാനം വഹിക്കുമെന്നും, കുഞ്ഞിനെ പരിചരിക്കണോ അതോ ദത്ത് നല്‍കണോ എന്ന കാര്യത്തില്‍ പ്രസവ ശേഷം യുവതിക്ക് തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

രണ്ടാമത്തെ കുട്ടിയെ പ്രസവിച്ചതിന് ശേഷം ‘പോസ്റ്റ്-പാർട്ടം ഡിപ്രഷൻ’ എന്ന വിഷാദാവസ്ഥ അനുഭവിക്കുകയാണ് താനെന്നും മാനസികാരോഗ്യത്തിന് ചികിത്സ തേടുകയാണെന്നും സ്ത്രീ കോടതിയെ അറിയിച്ചിരുന്നു. നേരത്തെ ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണിച്ചുവെങ്കിലും ഭിന്നവിധി പുറപ്പെടുവിച്ചതോടെ മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വരുകയായിരുന്നു.

നേരത്തെ സുപ്രീം കോടതി എയിംസില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. ഹര്‍ജിക്കാരിക്ക് പ്രസവാനന്തര വിഷാദരോഗം സ്ഥിരീകരിച്ച എയിംസ്, കുട്ടിയെ ദോഷകരമായി ബാധിക്കാത്ത മരുന്നുകളാണ് ഇവര്‍ കഴിക്കുന്നതെന്നും റിപ്പോര്‍ട്ട് നല്‍കി. ഭ്രൂണത്തിന് അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish Sum­ma­ry: Supreme Court denied per­mis­sion for abortion

You may also like this video

Exit mobile version