ബുള്‍ഡോസര്‍ രാജിനെതിരെ രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി എടുത്ത ശക്തമായ നിലപാട് ഏറെ ആശ്വാസത്തോടെയാണ് കാണുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തങ്ങള്‍ക്ക് ഇഷ്ടമല്ലാത്തവരുടെ വീടുകളും കെട്ടിടങ്ങളും തൊഴില്‍ സ്ഥാപനങ്ങളും തകര്‍ക്കുന്ന നിരവധി സംഭവങ്ങളാണ് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഇതിനകം ഉണ്ടായിട്ടുള്ളത്. രാജസ്ഥാനിലെ റാഷിദ് ഖാന്‍, മധ്യപ്രദേശിലെ മുഹമ്മദ് ഹുസൈന്‍ തുടങ്ങിയവര്‍ക്കൊപ്പം എന്‍എഫ്ഐഡബ്ല്യു ഉള്‍പ്പെടെ സംഘടനകളും നല്‍കിയ പരാതികളെ തുടര്‍ന്നാണ് സുപ്രീം കോടതി വിഷയത്തില്‍ ഇടപെട്ടത്. ജഡ്ജിമാരായ ഭൂഷണ്‍ ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബഞ്ച് ഏറെ ഗൗരവത്തോടെയാണ് കേസ് പരിഗണിച്ചത്. ജീവിക്കാനുള്ള അവകാശം പൗരന്മാര്‍ക്ക് ഉറപ്പുനല്‍കിയ രാജ്യമാണ് ഇന്ത്യ. എല്ലാ പൗരന്മാരും ഭരണഘടനയ്ക്ക് മുമ്പില്‍ തുല്യരാണ്. രാജ്യത്തെവിടെയും യാത്ര ചെയ്യുവാനും തൊഴില്‍ ചെയ്യാനും താമസിക്കുവാനും എല്ലാ പൗരന്മാര്‍ക്കും ഭരണഘടന അവകാശം നല്‍കിയിട്ടുണ്ട്. ജാതിയുടെയോ മതത്തിന്റെയോ വേര്‍തിരിവില്ലാതെ ഇന്ത്യന്‍പൗരന്മാര്‍ക്ക് ഭരണഘടന തുല്യമായ അവകാശങ്ങള്‍ നല്‍കിയിരിക്കുന്നു. ഭരണഘടന പൗരന്മാര്‍ക്ക് നല്‍കിയ അവകാശമാണ് നരേന്ദ്ര മോഡി അധികാരത്തില്‍ വന്നതിനുശേഷം ഒരു വിഭാഗത്തിന് നിഷേധിക്കുന്നത്. കടുത്ത മുസ്ലിം വിരുദ്ധ നിലപാട് സ്വീകരിച്ച്, ഹിന്ദുത്വ ആശയഗതികള്‍ പ്രചരിപ്പിക്കുവാനും ആക്രമണോത്സുകമായ നടപടികള്‍ സ്വീകരിച്ച് ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുകയുമാണ് ലക്ഷ്യം. അതിന്റെ ഭാഗമായാണ് മുസ്ലിങ്ങളെ തിരഞ്ഞുപിടിച്ച് അവരുടെ വീടുകളും തൊഴില്‍ സ്ഥാപനങ്ങളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ത്തന്നെ ഇടിച്ചുനിരത്തുന്ന നടപടി സ്വീകരിക്കുന്നത്.
യുപി, മധ്യപ്രദേശ്, ഡല്‍ഹി, അസം എന്നീ സംസ്ഥാനങ്ങളില്‍ നിരവധി സംഭവങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2022 ഏപ്രില്‍ മാസത്തില്‍ ഡല്‍ഹി, ജഹാംഗീര്‍പുരിയില്‍ നൂറുകണക്കിന് വീടുകള്‍ ഒരു മുന്നറിയിപ്പുമില്ലാതെ ഇടിച്ചു നിരത്തിയത് രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായി. ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് എന്ന കുറ്റം ആരോപിച്ചാണ് പ്രതികളായവരുടെയും അവരുടെ കുടുംബങ്ങളുടെയും വീടുകളും വ്യാപാര സ്ഥാപനങ്ങളും ഇടിച്ചുനിരത്തപ്പെട്ടത്. യുപി, മധ്യപ്രദേശ് തുടങ്ങിയ പ്രദേശങ്ങളിലും സമാനമായ നിരവധി സംഭവങ്ങള്‍ ഉണ്ടായി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്ലൊം ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കേ സില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ വീടുകളും സ്ഥാപനങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്താനാണ് പൊലീസിനും ജില്ലാ ഭരണാധികാരികള്‍ക്കും അധികാരം നല്‍കിയിട്ടുള്ളത്. ഇല്ലാത്ത അധികാരം ഉപയോഗിച്ച് ജനങ്ങളില്‍ ഭയപ്പാടുണ്ടാക്കുന്നത് ഇന്ത്യന്‍ ഭരണഘടനയ്ക്കും മതേതര കാഴ്ചപ്പാടിനും വിരുദ്ധമാണ്. ബിജെപി, ഭരണകൂട സംവിധാനങ്ങളെ ഉപയോഗിച്ച് നടത്തുന്ന തേര്‍വാഴ്ചയുടെ ഭാഗമാണ് ബുള്‍ഡോസര്‍ പ്രയോഗം. ഒരാള്‍ പ്രതിയെന്നല്ല, കുറ്റവാളി ആയാല്‍ പോലും ആ വ്യക്തിയുടെ വീട് ഇടിച്ചുനിരത്തുന്നത് ശരിയായ നടപടിയല്ല എന്നാണ് സുപ്രീം കോടതി പറഞ്ഞത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍ ഇടിച്ചുനിരത്തുന്നതിനെതിരായി ശക്തമായ നിലപാട് സ്വീകരിക്കാന്‍ സുപ്രീം കോടതി തയ്യാറായത് ആശ്വാസകരമാണ്. കേസില്‍ പ്രതിയായതുകൊണ്ടു മാത്രം ഒരാളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തരുതെന്ന് കോടതി ചൂണ്ടിക്കാട്ടി. ബുള്‍ഡോസര്‍ രാജിനെതിരെ അഖിലേന്ത്യാ തലത്തില്‍ മാര്‍ഗനിര്‍ദേശം രൂപീകരിക്കുമെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ പരിഹാരത്തിനായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരോട് ആവശ്യപ്പെട്ട കോടതി അവകൂടി പരിഗണിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നാണ് വ്യക്തമാക്കിയത്. പ്രതികളുടെ വീട് ഇടിച്ചുനിരത്തുന്നത് ശിക്ഷയായി കാണുന്ന നിലപാടിനെ വാക്കാല്‍ വിമര്‍ശിക്കുകയും ചെയ്തു.
ക്രിമിനല്‍ കുറ്റത്തില്‍ ഉള്‍പ്പെട്ടു എന്നതിനാല്‍ സ്ഥാവര വസ്തുക്കളൊന്നും പൊളിക്കാന്‍ കഴിയില്ലെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചത്. നിയമവിരുദ്ധ നിര്‍മാണമാണെങ്കില്‍ മാത്രമേ പൊളിക്കല്‍ നടക്കൂവെന്നും കോടതിക്ക് മുന്നില്‍ വിഷയത്തെ തെറ്റായി അവതരിപ്പിക്കുകയാണെന്നും സോളിസിറ്റര്‍ ജനറല്‍ ന്യായീകരിക്കാന്‍ ശ്രമിച്ചു. പിന്നെന്തുകൊണ്ടാണ് ഇത്തരം കേസുകളില്‍ പൊളിക്കാന്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതെന്ന് കോടതി ചോദിച്ചു. ആദ്യം നോട്ടീസ് നല്‍കുകയും മറുപടിക്ക് സമയം അനുവദിക്കുയും വേണം. നിയമപരമായ പരിഹാരങ്ങള്‍ തേടാനുള്ള സാവകാശവും നല്‍കിയ ശേഷമേ പൊളിക്കല്‍ നടപടി പാടുള്ളുവെന്നും കോടതി പറഞ്ഞു. ക്ഷേത്രം ഉള്‍പ്പടെ പൊതുവഴി തടസപ്പെടുത്തുന്ന ഒരു നിയമവിരുദ്ധ ഘടനയും തങ്ങള്‍ സംരക്ഷിക്കില്ലെന്നും പക്ഷേ പൊളിക്കുന്നതിന് മാര്‍ഗ നിര്‍ദേശങ്ങള്‍ ഉണ്ടായിരിക്കണമെന്നുമുള്ള നിര്‍ണായകമായ നിലപാടാണ് കോടതി സ്വീകരിച്ചത്. ബന്ധപ്പെട്ടവരോട് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഭരണഘടന ലംഘിച്ച് മറ്റുള്ളവരുടെ മേല്‍ മേധാവിത്തം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരായി ശക്തമായ മുന്നറിയിപ്പായിട്ടാണ് സുപ്രീം കോടതിയുടെ ഇടപെടലിനെ ജനാധിപത്യ വിശ്വാസികള്‍ കാണുന്നത്.