Site iconSite icon Janayugom Online

ഹിജാബ് വിവാദത്തിൽ സുപ്രീം കോടതി; വസ്ത്രം അഴിക്കാനുള്ള അവകാശവും ഉൾപ്പെടുമോ?

വസ്ത്രം ധരിക്കാനുള്ള അവകാശത്തിൽ വസ്ത്രം അഴിക്കാനുള്ള അവകാശവും ഉൾപ്പെടുമോ എന്ന് സുപ്രീം കോടതി. കര്‍ണാടകയിലെ ചില സ്‌കൂളുകളിലും കോളജുകളിലും മുസ്‌ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് വിലക്കിയത് ശരിവച്ച കർണാടക ഹൈക്കോടതിയുടെ നടപടിക്കെതിരായ ഹർജികളിൽ കോടതിയിൽ വാദം തുടരുന്നു. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സർക്കാർ ഉത്തരവ് നിരുപദ്രവകരമല്ലെന്നും, ഭരണഘടനയുടെ ആർട്ടിക്കിൾ 19, 21, 25 പ്രകാരമുള്ള വിദ്യാർത്ഥികളുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്ത് വാദിച്ചു. ഹിജാബ് നിരോധിക്കുന്നത് മതാനുഷ്ഠാനത്തിനുള്ള അവകാശത്തെ ഹനിക്കില്ലെന്നും കോളജ് വികസന സമിതികൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം വാദിച്ചു. ഇന്ത്യ പോസിറ്റീവ് സെക്യുലറിസമാണ് പിന്തുടരുന്നതെന്നും അതിനാൽ ഹർജിക്കാരെ യൂണിഫോമിന് പുറമെ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“വാദം യുക്തിരഹിതമായ ലക്ഷ്യങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയില്ല. വസ്ത്രം ധരിക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് നിങ്ങൾ പറഞ്ഞാൽ വസ്ത്രം അഴിക്കാനുള്ള അവകാശവും മൗലികാവകാശമായി മാറും” ജസ്റ്റിസ് ഗുപ്ത പറഞ്ഞു. സ്‌കൂളില്‍ ആരും വസ്ത്രം അഴിക്കുന്നില്ലെന്നും ആര്‍ട്ടിക്കിള്‍ 19ന്റെ ഭാഗമായി ധരിക്കുന്ന ഈ അധിക വസ്ത്രം നിയന്ത്രിക്കാനാകുമോ എന്നതാണ് ചോദ്യമെന്നും കാമത്ത് മറുപടി നല്‍കി.
വിദേശ രാജ്യങ്ങളിലെ സാഹചര്യവും ഇന്ത്യന്‍ സാഹചര്യവും താരതമ്യം ചെയ്യരുതെന്നും സുപ്രീം കോടതി പറഞ്ഞു. അമേരിക്കയില്‍ മുഖാവരണം സര്‍ക്കാര്‍ ഓഫീസുകളില്‍ അനുവദിച്ചുകൊണ്ട് കോടതി വിധിച്ചിട്ടുണ്ടെന്ന വാദത്തിനായിരുന്നു മറുപടി. 

Eng­lish Sum­ma­ry: Supreme Court on Hijab Con­tro­ver­sy; Does it include the right to undress?

You may like this video also

Exit mobile version