Site iconSite icon Janayugom Online

രാജ്യതലസ്ഥാനത്തെ എല്ലാ തെരുവുനായകളെയും , ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് മാറ്റണമെന്ന് സുപ്രീംകോടതി

രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ എല്ലാ തെരുവുനായകളെയും ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് മാറ്റണമെന്ന് സുപ്രീംകോടതി. നടപടിയെ തടസ്സപ്പെടുത്തുന്ന ഏതൊരു സംഘടനയും കര്‍ശന നടപടി നേരിടേണ്ടിവരും. മൃഗസ്‌നേഹികള്‍ക്ക് പേവിഷബാധയേറ്റവരെ തിരികെക്കൊണ്ടുവരാനാകുമോ, തെരുവുനായകളെ ദത്തെടുക്കാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. നായകളുടെ കടിയേല്‍ക്കുന്ന സംഭവങ്ങളും പേവിഷബാധ മൂലമുള്ള മരണങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതി ഉത്തരവ്.

ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദം മാത്രമേ കേള്‍ക്കുകയുള്ളൂവെന്നും മൃഗസ്‌നേഹികളുടെയോ മറ്റു കക്ഷികളുടെയോ ഹര്‍ജികള്‍ പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണിത് ചെയ്യുന്നത്. ഒരുതരത്തിലുള്ള വികാരങ്ങള്‍ക്കും ഇവിടെ സ്ഥാനമില്ല. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് പര്‍ദിവാല പറഞ്ഞു.

എല്ലാ സ്ഥലങ്ങളില്‍നിന്നും നായകളെ പിടിച്ച് ഷെല്‍ട്ടറിലേക്ക് മാറ്റണം. തത്കാലം നിയമം മറന്നേക്കൂ എന്നും അമിക്കസ് ക്യൂറി ഗൗരവ് അഗര്‍വാലയോട് കോടതി പറഞ്ഞു. തെരുവുനായ ശല്യം പരിഹരിക്കാനുള്ള നടപടികള്‍ നിര്‍ദേശിച്ചത് അമിക്കസ് ക്യൂറി ഗൗരവ് അഗര്‍വാലയാണ്. തെരുവുനായകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഡല്‍ഹിയില്‍ ഒരു സ്ഥലം കണ്ടെത്തിയതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എന്നാല്‍, മൃഗാവകാശ പ്രവര്‍ത്തകര്‍ സ്റ്റേ വാങ്ങിയതിനെത്തുടര്‍ന്ന് ഈ പദ്ധതി മുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു. തെരുവുനായയെ ദത്തെടുത്ത് പരിഹാരം കാണാമെന്ന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, ആളുകള്‍ ദത്തെടുത്ത് കുറച്ചുകഴിയുമ്പോള്‍ ഉപേക്ഷിക്കുന്ന സ്ഥിതിവരുമെന്നതുകൊണ്ട് അത് നടപ്പാക്കിയില്ലെന്നും തുഷാര്‍ മേത്ത അറിയിച്ചു.

Exit mobile version