എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള അഞ്ച് ലക്ഷം രൂപയുടെ നഷ്ടപരിഹാരം നാലാഴ്ച്ചക്കകം വിതരണം ചെയ്യണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം കാസര്‍കോട്ട് കണ്ടെത്തിയ 6,727 ദുരിതബാധിതരില്‍ ഇനി തുക ലഭിക്കാനുള്ളത് 2,966 പേര്‍ക്കാണ്. ഇതിന് 217 കോടി രൂപ വേണ്ടിവരുമെന്നാണ് സത്യവാങ്ങ്മൂലത്തില്‍ സംസ്ഥാന സർക്കാർ പറയുന്നത്. വിധി നടപ്പാക്കാത്തതിനെതിരെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന 12 സംഘടനകളുടെ കൂട്ടായ്മയായ സെര്‍വ് കലക്ടീവ് ആണ് അഭിഭാഷകനായ പി.എസ് സുധീര്‍ വഴി കോടതിയലക്ഷ്യഹരജി നല്‍കിയത്. നഷ്ടപരിഹാരം നല്‍കണമെന്ന് രണ്ട് ഉത്തരവുണ്ടായിട്ടും നടപ്പാക്കാത്തത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.
നഷ്ടപരിഹാര വിതരണം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നാലാഴ്ച്ചത്തെ സമയം അനുവദിച്ചു. തുക കൈമാറിയ ശേഷം റിപ്പോര്‍ട്ട് കോടതിക്ക് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മെയ് 13 ന് കോടതി അടുത്ത സിറ്റിംഗ് നടത്തും. നഷ്ടപരിഹാരം നല്‍കാന്‍ 200 കോടി രൂപ അനുവദിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതിന് മുന്നോടിയായുള്ള വിവര ശേഖരണം ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.
വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘം വീടുകള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി അര്‍ഹത ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ച സാഹചര്യത്തില്‍ നടപടിക്ക് ഇനി വേഗത കൂടും. ചില എന്‍ഡോസള്‍ഫാന്‍ രോഗികള്‍ നേരത്തെ താമസിച്ചിരുന്ന വീടുകളില്‍ നിന്ന് മാറി വേറെ വീടുകളില്‍ താമസം തുടങ്ങിയതിനാല്‍ ഇവര്‍ പുതിയ വിലാസം നല്‍കണമെന്ന് കഴിഞ്ഞ ദിവസം കാസർകോട് ജില്ലാ കലക്ടര്‍ അറിയിപ്പ് നൽകിയിരുന്നു.
English Summary: Supreme Court orders Rs 5 lakh compensation for endosulfan victims within four weeks
You may also like this video