Site iconSite icon Janayugom Online

ലൈംഗിക തൊഴില്‍ പ്രൊഫഷണായി അംഗീകരിച്ച് സുപ്രീ കോടതി

ലൈംഗിക തൊഴില്‍ പ്രൊഫഷണായി അംഗീകരിച്ച് സുപ്രീ കോടതി. നിര്‍ണായക വിധിയാണിത്. നിയമത്തിന് കീഴില്‍ സെക്‌സ് വര്‍ക്കര്‍മാര്‍ക്ക് അന്തസ്സും, തുല്യ സംരക്ഷണവും അനുവദിക്കുന്നുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പോലീസ് സെക്‌സ് വര്‍ക്കര്‍മാരുടെ കാര്യത്തില്‍ ഇടപെടുകയോ, ക്രിമിനല്‍ നടപടിയോ കേസോ എടുക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. പ്രായപൂര്‍ത്തിയായതും, സ്വമേധാ സെക്‌സ് വര്‍ക്ക് ചെയ്യുന്നവര്‍ക്കുമാണ് ഈ നിയമം ബാധകമാവുക.

ഇവരുടെ കാര്യത്തില്‍ ഇനി പോലീസിന് ഇടപെടാനാവില്ല. ഈ രാജ്യത്തുള്ള ഏതൊരു വ്യക്തിക്കും മാന്യമായ ജീവിതം നയിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമ പരിരരക്ഷ സെക്‌സ് വര്‍ക്കര്‍മാര്‍ക്കും ലഭിക്കണം. എല്ലാ കേസുകളിലും നിയമം ഒരുപോലെയായിരിക്കണം. പ്രായവും സമ്മതവും കണക്കിലെടുത്താവണം കേസ് എടുക്കേണ്ടത്. പ്രായപൂര്‍ത്തിയാവാത്ത വ്യക്തിയാണ് ലൈംഗിക തൊഴിലാളിയെങ്കില്‍, അവരുടെ സമ്മതത്തോടെയാണ് തൊഴില്‍ ചെയ്യുന്നതെങ്കില്‍ അതില്‍ പോലീസ് ഇടപെടാന്‍ പാടില്ല. അവര്‍ കേസെടുക്കാനും പാടില്ലെന്ന് ജസ്റ്റിസ് നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

സെക്‌സ് വര്‍ക്കര്‍മാരെ അറസ്റ്റ് ചെയ്യുകയോ പിഴ ചുമത്തുകയോ പീഡിപ്പിക്കുകയോ ഇരകളാക്കുകയോ ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചു. വേശ്യാലയം നടത്തുന്നത് മാത്രമാണ് തെറ്റായ കാര്യം. അത് നിയമവിരുദ്ധമാണ്. എന്നാല്‍ ഒരു വേശ്യാലയത്തില്‍ റെയ്ഡ് നടക്കുമ്പോള്‍ ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധമെങ്കില്‍ അതിനെ നിയമവിരുദ്ധമായി കാണാനാവില്ല. ഒരമ്മ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നത് കൊണ്ട് ഒരു കുട്ടിയെ അവരില്‍ നിന്ന് വേര്‍പ്പെടുത്താനാവില്ല. മാന്യതയും, അഭിമാനവും എല്ലാ ലൈംഗിക തൊഴിലാളികള്‍ക്കും ഉള്ളതാണ്. അതുപോലെ അവരുടെ കുട്ടികള്‍ക്കും അതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഒരു പ്രായപൂര്‍ത്തായാവാത്ത കുട്ടി ഒരു വേശ്യാലയത്തിലോ സെക്‌സ് വര്‍ക്കര്‍മാര്‍ക്കോ ഒപ്പം ജീവിക്കുന്നുണ്ടെങ്കില്‍ ആ കുട്ടിയെ കടത്തി കൊണ്ടുവന്നതാണെന്ന മുന്‍ധാരണയോടെ പെരുമാറരുതെന്നും കോടതി നിര്‍ദേശിച്ചു.ഒരു സെക്‌സ് വര്‍ക്കര്‍ ഒപ്പമുള്ള കുട്ടി മകനോ മകളോ ആണെന്ന് പറഞ്ഞാല്‍, ടെസ്റ്റുകളിലൂടെ ആ വാദം കണ്ടെത്തണം. പറഞ്ഞ കാര്യം ശരിയാണെങ്കില്‍ ആ കുട്ടിയെ ഒരിക്കലും അമ്മയില്‍ നിന്ന് വേര്‍പെടുത്തരുത്. പരാതി തരുന്ന സെക്‌സ് വര്‍ക്കര്‍മാരെ വിവേചനത്തോടെ കാണരുതെന്ന് കോടതി നിര്‍ദേശിച്ചു.

പ്രത്യേകിച്ച് ഇവര്‍ നല്‍കുന്ന പരാതി ലൈംഗികപരമായ അതിക്രമമാണെങ്കില്‍. ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന ലൈംഗിക തൊഴിലാളികള്‍ക്ക് എല്ലാ നിയമസഹായവും നല്‍കണം. അടിയന്തര ചികിത്സാ സഹായവും ലഭ്യമാക്കണം. ലൈംഗിക തൊഴിലാളികളോടും പോലീസിന്റെ പെരുമാറ്റം ക്രൂരവും അക്രമാസക്തവുമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.

Eng­lish Sum­ma­ry: Supreme Court rec­og­nizes sex work as a profession

You may also like this video:

Exit mobile version