Site iconSite icon Janayugom Online

വോട്ടുകള്‍ കൃത്യമായി പ്രസിദ്ധീകരിക്കാന്‍ എന്താണ് തടസമെന്ന് സുപ്രീം കോടതി

ലോക്‌സഭാ വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ ഓരോ ബൂത്തുകളിലും രേഖപ്പെടുത്തിയ വോട്ടുകള്‍ എത്രയെന്ന കൃത്യമായ കണക്ക് നല്‍കുന്ന ഫോം 17 സിയുടെ സ്കാന്‍ പകര്‍പ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ എന്താണ് തടസമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനോട് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഇന്നലെ ഹര്‍ജി പരിഗണിച്ചത്.

കേസില്‍ മറുപടി നല്‍കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന് ഒരാഴ്ചത്തെ സമയം അനുവദിച്ച കോടതി, കേസ് മേയ് 24ലേക്ക് മാറ്റി. ഇന്നലെ ലിസ്റ്റ് ചെയ്തിരുന്നില്ലെങ്കിലും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചതോടെയായിരുന്നു സുപ്രീം കോടതിയുടെ ഇടപെടല്‍. ഫോം 17 സി പ്രസിദ്ധീകരിക്കുന്നതില്‍ എന്തിനാണ് കാലതാമസം എന്ന് തെരഞ്ഞെടുപ്പു കമ്മിഷന്റെ അഭിഭാഷകന്‍ അമിത് ശര്‍മ്മയോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഒറ്റ രാത്രികൊണ്ട് ഇക്കാര്യം നടപ്പാക്കാന്‍ കഴിയില്ല ഇതിന് സമയം എടുക്കുമെന്നുമായിരുന്നു ശര്‍മ്മയുടെ മറുപടി. എല്ലാ പോളിങ് ബൂത്തുകളില്‍ നിന്നും പോളിങ് ഓഫിസമാര്‍ ഫോം 17 സി റിട്ടേണിങ് ഓഫിസര്‍ക്ക് സമര്‍പ്പിക്കും. ചില ബൂത്തുകളിലേത് അതത് ദിവസം ലഭിക്കണമെന്നില്ല. ഇതിന്റെ കൃത്യത ഉറപ്പു വരുത്തിയ ശേഷമാണ് റിട്ടേണിങ് ഓഫിസര്‍മാര്‍ ഫോമുകള്‍ കമ്മിഷന് നല്‍കുക.

കമ്മിഷന്റെ മറുപടി കേട്ട കോടതി വോട്ടെടുപ്പ് നടന്ന് രണ്ടാംദിനം എന്തുകൊണ്ട് എത്ര വോട്ടുകള്‍ രേഖപ്പെടുത്തി എന്ന വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു കൂടാ എന്ന ചോദ്യം ഉന്നയിച്ചു. ഹര്‍ജിയെ എതിര്‍ത്ത കമ്മിഷന്‍ അഭിഭാഷകന്റെ വാദങ്ങളോട് കോടതി അനുകൂല നിലപാടല്ല സ്വീകരിച്ചത്. 

Eng­lish Sum­ma­ry: Supreme Court said what is the obsta­cle to pub­lish the votes accurately

You may also like this video

Exit mobile version