Site icon Janayugom Online

ഫ്യൂച്ചര്‍ ഗ്രൂപ്പിനും റിലയൻസിനും ആശ്വാസം ; ഡല്‍ഹി ഹെെക്കോടതിയുടെ ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ

ആഗോള ഇ‑കൊമേഴ്‌സ് ഭീമനായ ആമസോണുമായുള്ള നിയമപോരാട്ടത്തില്‍ റിലയന്‍സിന് ആശ്വാസം. ഫ്യുച്ചര്‍ റീട്ടെയില്‍ ലിമിറ്റഡും റിലയന്‍സ് ഗ്രൂപ്പും തമ്മിലുള്ള ലയനവുമായി ബന്ധപ്പെട്ട് ആമസോണിന്റെ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു.
നാലാഴ്ചത്തേക്ക് അന്തിമ നടപടികള്‍ എടുക്കരുതെന്ന് എന്‍സിഎല്‍എടി, സിസിഐ, സെബി എന്നിവയുള്‍പ്പെടെയുള്ള എല്ലാ അതോറിറ്റികളോടും കോടതി ആവശ്യപ്പെട്ടു. ഫ്യൂച്ചര്‍ ഗ്രൂപ്പ് കമ്പനികളുടെയും അതിന്റെ പ്രമോട്ടറായ കിഷോര്‍ ബിയാനിയുടെയും മറ്റും സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഡല്‍ഹി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഫ്യൂച്ചര്‍ കൂപ്പണ്‍സ് പ്രൈവറ്റ് ലിമിറ്റഡും ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡും സമര്‍പ്പിച്ച സ്പെഷ്യല്‍ ലീവ് പെറ്റീഷനില്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് ആണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ബിയാനിയെയും ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ മറ്റ് ഡയറക്ടര്‍മാരെയും അറസ്റ്റ് ചെയ്യുന്നതിനുള്ള കാരണം കാണിക്കല്‍ നോട്ടീസും സിംഗിള്‍ ബെഞ്ച് ഒഴിവാക്കിയിരുന്നു.
രാജ്യത്തെ മുന്‍നിര ചില്ലറ, മൊത്ത വിതരണ ശൃംഖലയായ ഫ്യൂച്ചര്‍ ഗ്രൂപ്പിനെ കഴിഞ്ഞ വര്‍ഷമാണ് റിലയന്‍സ് റീട്ടെയ്ല്‍ ഏറ്റെടുത്തത്. 24,713 കോടി രൂപയ്ക്കാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിനെ വാങ്ങിയത്.

ബിഗ് ബസാര്‍, ഈസിഡേ തുടങ്ങിയ ഭക്ഷണ, പലചരക്ക് ശൃംഖലകള്‍ ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡിന്റേതാണ്. ഫ്യൂച്ചര്‍ കൂപ്പണ്‍സ് പ്രൈവറ്റ് ലിമിറ്റഡിലെ 49 ശതമാനം ഓഹരികള്‍ കൈവശമുള്ള ആമസോണ്‍ തങ്ങളുമായുള്ള കരാറിന്റെ ലംഘനമാണ് ഇടപാടെന്ന് ചൂണ്ടിക്കാട്ടി കോടതിയിലെത്തി. തുടര്‍ന്ന് സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ (എസ്‌ഐ‌എസി) റിലയന്‍സ്-ഫ്യൂച്ചര്‍ ഇടപാട് നവംബറില്‍ സ്റ്റേ ചെയ്തിരുന്നു. നേരത്തെ സുപ്രീംകോടതി ഈ ഉത്തരവ് ശരിവച്ചിരുന്നു.

Eng­lish sum­ma­ry; Supreme Court stays Del­hi High Court order in ama­zon and reliance case

you may also like this video;

Exit mobile version