Site icon Janayugom Online

ടീസ്ത സെതല്‍വാദിന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

teesta setelvad

സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി. ഗുജറാത്ത് ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടര്‍ന്ന് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചാണ് ടീസ്തയ്ക്ക് അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കി ഉത്തരവിട്ടത്. ടീസ്തയുടെ ജാമ്യാപേക്ഷ റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതിയുടെ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു.
ഇടക്കാല ജാമ്യത്തില്‍ കഴിയുന്ന ടീസ്തയോട് ഉടന്‍ കീഴടങ്ങണമെന്ന് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നിര്‍സാര്‍ ദേശായി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. പ്രത്യേക സിറ്റിങ്ങില്‍ ജസ്റ്റിസ് അഭയ് എസ് ഓകയും ജസ്റ്റിസ് പി കെ മിശ്രയും വ്യത്യസ്ത വിധി പുറപ്പെടുവിച്ചതിനെ തുടർന്ന് വിശാലബെഞ്ചിന് വിട്ടു. രാത്രി വൈകി ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, എ എസ് ബൊപ്പണ്ണ, ദീപാങ്കര്‍ ദത്ത എന്നിവര്‍ അടിയന്തരമായി പരിഗണിക്കുകയും ഏഴ് ദിവസം അറസ്റ്റില്‍ നിന്ന് സംരക്ഷണം അനുവദിക്കുകയുമായിരുന്നു. 

ഗുജറാത്ത് കലാപക്കേസില്‍ സുപ്രീം കോടതി കുറ്റവിമുക്തരാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ളവര്‍ക്കെതിരെ വ്യാജ ആരോപണങ്ങളും തെളിവുകളും ഉണ്ടാക്കിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന കോടതിയുടെ നിരീക്ഷണത്തിന് പിന്നാലെയായിരുന്നു ടീസ്തയെ അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീം കോടതിയില്‍ നിന്നും ഇടക്കാല ജാമ്യം ലഭിച്ചു. സാധാരണ ജാമ്യത്തിനായി ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
കീഴടങ്ങുന്നതിന് ടീസ്തയുടെ അഭിഭാഷകൻ 30 ദിവസത്തെ സാവകാശം തേടിയെങ്കിലും കോടതി അനുവദിച്ചില്ല. ഒപ്പം സുപ്രീം കോടതിയെ സമീപിക്കാനായി ഉത്തരവില്‍ സ്റ്റേ വേണമെന്ന ടീസ്തയുടെ അഭിഭാഷകന്റെ ആവശ്യവും കോടതി നിരാകരിച്ചു. 2022 ജൂണ്‍ 25 നായിരുന്നു ടീസ്ത സെതല്‍വാദിനേയും മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാറിനെയും ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ മോഡി അടക്കമുള്ളവര്‍ക്ക് പ്രത്യേക അന്വേഷണ സംഘം ക്ലീൻ ചിറ്റ് നല്‍കിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതിന്റെ പേരിലാണ് ടീസ്തയ്ക്കെതിരായ വേട്ടയാടല്‍. കേസില്‍ ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രിക്കൊപ്പം സഹഹര്‍ജിക്കാരിയായിരുന്നു ടീസ്ത. മോഡി അടക്കമുള്ളവരെ പ്രതികളാക്കാൻ ടീസ്തയും ശ്രീകുമാറും സഞ്ജീവ് ഭട്ടും ഗൂഢാലോചന നടത്തുകയും വ്യാജരേഖകള്‍ ചമയ്ക്കുകയും ചെയ്തുവെന്നാണ് പൊലീസ് ആരോപണം. 

Eng­lish Sum­ma­ry: Supreme Court stopped Teesta Setal­vad’s arrest

You may also like this video

Exit mobile version