Site iconSite icon Janayugom Online

ഇഡിക്കുമേല്‍ പിടിമുറുക്കി സുപ്രീം കോടതി; അമിത അധികാരം വേണ്ട

eded

എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ പ്രത്യേക കോടതികളുടെ പരിഗണനയ്ക്ക് എത്തിയാല്‍ കോടതി അനുമതിയോടെ മാത്രമേ അറസ്റ്റ് പാടുള്ളൂവെന്ന് സുപ്രീം കോടതി. ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്വല്‍ ഭുയാന്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

കള്ളപ്പണ നിരോധന നിയമത്തിലെ 19-ാം വകുപ്പ് പ്രകാരം ഇഡി രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ സ്വന്തം ഇഷ്ടപ്രകാരം കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്ന ഇഡി നടപടിക്കാണ് സുപ്രീം കോടതി പുതിയ ഉത്തരവിലൂടെ തടയിട്ടത്. ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇതേ വകുപ്പു പ്രകാരം അറസ്റ്റുചെയ്ത ഇഡി നടപടി ചോദ്യം ചെയ്ത ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഈ വകുപ്പ് ഇല്ലാതാക്കുമെന്ന കാര്യം ഇന്നലെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇഡി കേസിലെ പ്രതിയെ കസ്റ്റഡിയില്‍ എടുക്കാന്‍ പ്രത്യേക കോടതിയില്‍ ഇഡി അപേക്ഷ നല്‍കണം. അപേക്ഷയിലെ കാര്യ കാരണങ്ങള്‍ പരിഗണിച്ച ശേഷം കോടതി തീരുമാനമെടുക്കണം. കള്ളപ്പണ നിരോധന നിയമത്തിലെ 19-ാം വകുപ്പു പ്രകാരം പ്രതി മുമ്പ് ഒരിക്കലും അറസ്റ്റിലായില്ലെങ്കില്‍ പോലും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ള കാര്യകാരണങ്ങള്‍ ബോധ്യപ്പെട്ട ശേഷം മാത്രമേ കസ്റ്റഡിക്കുള്ള അനുമതി ഉത്തരവ് പുറപ്പെടുവിക്കാവൂ എന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു.

കള്ളപ്പണ കേസില്‍ അറസ്റ്റിലാകുന്നവര്‍ അവരുടെ നിരപരാധിത്വം സ്വയം തെളിയിച്ചാല്‍ മാത്രം ജയില്‍ മോചിതമാകുന്ന പാകത്തിന് കള്ളപ്പണ നിരോധന നിയമത്തില്‍ മോഡി സര്‍ക്കാര്‍ ഭേദഗതികള്‍ വരുത്തിയിരുന്നു.
ഇഡിയെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേസെടുക്കുകയും അവരെ അഴിക്കുള്ളില്‍ തള്ളി രാഷ്ട്രീയ ലക്ഷ്യങ്ങളും ഒപ്പം വൈരാഗ്യവും തീര്‍ക്കുന്ന നിലപാടുകളാണ് കേന്ദ്ര സര്‍ക്കാര്‍ തുടരുന്നതെന്ന വിമര്‍ശനം ഇപ്പോഴും ശക്തമാണ്. പി എംഎല്‍എ കേസിലെ സുപ്രീം കോടതി ഉത്തരവുകളും നിരീക്ഷണങ്ങളും നിലപാടുകളും പുതിയൊരു രാഷ്ട്രീയ നിലപാടു തറയ്ക്കാകും തുടക്കമിടുകയെന്നാണ് നിയമ‑രാഷ്ട്രീയ വൃത്തങ്ങളിലെ വിദഗദ്ധരുടെ വിലയിരുത്തല്‍. 

Eng­lish Sum­ma­ry: Supreme Court takes hold of ED; Do not over power

You may also like this video

Exit mobile version