Site iconSite icon Janayugom Online

ഓണ്‍ലൈന്‍ ഉള്ളടക്കത്തില്‍ കൂടുതല്‍ നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി

ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി. ഇതിനായി സംവിധാനം രൂപീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ അശ്ലീലം നിറഞ്ഞതും കുറ്റകരവും നിയമ വിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ നിഷ്പക്ഷവും സ്വതന്ത്രവുമായി പ്രവര്‍ത്തിക്കുന്ന സ്വയം ഭരണാധികാരമുള്ള സംവിധാനം രൂപീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബഗ്ചി എന്നിവരുള്‍പ്പെട്ട ബഞ്ച് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ആളുകള്‍ നേരിട്ട് കണ്ടന്റുകള്‍ സൃഷ്ടിച്ച് പോഡ്കാസ്റ്റര്‍മാരാകുമ്പോള്‍ ആരോടും ഉത്തരവാദിത്തം പുലര്‍ത്തുന്നില്ല. ആരെങ്കിലും ഇതിന്റെ ഉത്തരവാദികള്‍ ആകണ്ടേയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ട രമണിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിയെ അറിയിച്ചു. ഇതിനായി ബന്ധപ്പെട്ട കക്ഷികളുമായുള്ള ആശയ വിനിമയങ്ങള്‍ പുരോഗമിക്കുകയാണെന്നും അറിയിച്ചു. ഇത് പരിഗണിച്ച് കോടതി കേസുകള്‍ നാലാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി.
അഭിപ്രായ സ്വതന്ത്ര്യം നിഷേധിക്കാനാകാത്തതാണ്. എന്നാല്‍ അത് വൈകൃതമായി ഉപയോഗിക്കാന്‍ അവകാശമില്ല. ദേശവിരുദ്ധവും സാമൂഹ്യ മാനദണ്ഡങ്ങള്‍ ലംഘിച്ചുമുള്ള ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്തം ഇതിന്റെ സൃഷ്ടാക്കള്‍ ഏറ്റെടുക്കുമോ. അശ്ലീല ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്താല്‍ അതിനെതിരെ നടപടി വരുംമുമ്പേ എത്ര ദശലക്ഷം പേര്‍ അത് കണ്ടിട്ടുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന യുട്യൂബ് ചാനലിലെ കൊമേഡിയന്‍മാരായ രണ്‍വീര്‍ അലഹബാദിയും മറ്റുള്ളവരും ഭിന്നശേഷിക്കാരെ കളിയാക്കി പരിപാടി സംപ്രേഷണം ചെയ്തതാണ് കേസിന് ആസ്പദമായ വിഷയം. ഇതിനെതിരെ ക്യൂര്‍ ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജികളും പ്രതികളുടെ ഹര്‍ജികളും ഉള്‍പ്പെടെയാണ് കോടതി പരിഗണിച്ചത്. കേസില്‍ കക്ഷികളായ ഹാസ്യനടന്മാരുടെ ചാനലില്‍ ഭിന്നശേഷിക്കാരുടെ ജീവിത വിജയങ്ങള്‍ ആസ്പദമാക്കിയുള്ള ഉള്ളടക്കങ്ങള്‍ മാസത്തില്‍ രണ്ടു തവണ സംപ്രേഷണം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.
ശരീര പേശികളുടെ ബലഹീനതയ്ക്കും ക്ഷീണത്തിനും കാരണമാകുന്ന ജനിതക വൈകല്യമായ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി ബാധിച്ചവരെ പരിഹസിച്ച കോമേഡിയന്‍ സമയ് റെയ‍്നയോട് ഇത്തരം രോഗം ഉള്ളവര്‍ക്കായി ഒരു ഷോ നടത്താനും സുപ്രീം കോടതി ഉത്തരവിട്ടു.

Exit mobile version