വിദ്വേഷ പ്രസംഗത്തില്‍ സുദര്‍ശന്‍ ടിവി എഡിറ്റര്‍ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. സുപ്രീം കോടതിയില്‍ നിന്ന് താക്കീത് കിട്ടിയതിന് പിന്നാലെയാണ് ഡല്‍ഹി പൊലീസിന്റെ നിലപാടുമാറ്റം.
ഹിന്ദു യുവവാഹിനി സംഘടിപ്പിച്ച ചടങ്ങില്‍ വച്ച് എന്തുവില കൊടുത്തും ഹിന്ദു രാഷ്ട്രം സ്ഥാപിക്കണമെന്നും കൊല്ലാനും ചാകാനും തയാറാകണമെന്നുമായിരുന്നു സുരേഷ് ചാവങ്കെയുടെ പരാമര്‍ശം. എന്നാല്‍ ഈ പ്രസ്താവനയില്‍ കേസെടുക്കാന്‍ ഒന്നുമില്ലെന്ന നിലപാടിലായിരുന്നു ഡല്‍ഹി പൊലീസ്. ഇതിനെതിരെ സുപ്രീം കോടതി കടുത്ത വിമര്‍ശനം ഉയര്‍ത്തി. മെച്ചപ്പെട്ട സത്യവാങ്മൂലം നല്‍കണമെന്നും സുപ്രീം കോടതി പൊലീസിനോട് നിര്‍ദേശിച്ചിരുന്നു.
വീഡിയോ ദൃശ്യങ്ങള്‍ അടക്കം വീണ്ടും പരിശോധിച്ച ശേഷം ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പുതിയ സത്യവാങ്മൂലത്തില്‍ പൊലീസ് വ്യക്തമാക്കി. മതപരമായ വിദ്വേഷം പടര്‍ത്തുന്നതിനെതിരെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്നും പൊലീസ് അറിയിച്ചു.
നേരത്തെ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഒരു വിഭാഗത്തിനും എതിരെയുള്ള വിദ്വേഷ പ്രസംഗമല്ല ഇതെന്നായിരുന്നു ഡല്‍ഹി പൊലീസ് നിലപാടെടുത്തിരുന്നത്.
ഡിസംബര്‍ 17നും 19നും ഇടയില്‍ രണ്ട് ചടങ്ങുകള്‍ ഹിന്ദു യുവവാഹിനി സംഘടിപ്പിച്ചിരുന്നു. രണ്ടിലും വിദ്വേഷ പ്രസംഗങ്ങളുണ്ടായിരുന്നു. മുസ്‌ലിങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്താനും പരസ്യമായി ആഹ്വാനങ്ങളുമുണ്ടായിരുന്നു.
English Summary: Supreme Court warns; Delhi Police has registered a case of hate speech
You may like this video also