Site icon Janayugom Online

കര്‍ഷകര്‍ക്ക് സമരം ചെയ്യാന്‍‍ അവകാശം: സുപ്രീം കോടതി

കാര്‍ഷിക നിയമം സംബന്ധിച്ച് കേസ് പരിഗണനയില്‍ ഇരിക്കുമ്പോഴും കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി. കര്‍ഷക സമരം ഗതാഗത തടസം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയാണ് ജസ്റ്റിസുമാരായ എസ് കെ കൗള്‍, എം എം സുന്ദരേശ് എന്നിവരുള്‍പ്പെട്ട ബെഞ്ച് പരിഗണിച്ചത്. പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകണം. നിയമപരമായ പോരാട്ടം സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം ഉണ്ടായില്ലെങ്കിലും കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശത്തിന് എതിരല്ല. എന്നാല്‍ റോഡുകള്‍ അനിശ്ചിത കാലത്തേക്ക് തടയാന്‍ കഴിയില്ലെന്നും ജസ്റ്റിസ് കൗള്‍ വാക്കാല്‍ നിരീക്ഷിച്ചു.

ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ സമരം ചെയ്യാന്‍ അനുമതി തേടി കിസാന്‍ മഹാപഞ്ചായത്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍, കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധിക്കാന്‍ അവകാശമുണ്ടോ എന്നത് സംബന്ധിച്ച് പരിശോധിക്കുമെന്ന് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എസ് എസ് കൗള്‍ അധ്യക്ഷനായ ബെഞ്ചിന്റെ പുതിയ നിരീക്ഷണം എന്നതും ശ്രദ്ധേയമാണ്.

കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്ന് നേരത്തെ കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിച്ചുകൊണ്ട് ജനുവരിയില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. കേസ് മൂന്നംഗ ബെഞ്ചിന് വിടണമെന്ന് കര്‍ഷക സംഘടനകള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ ആവശ്യപ്പെട്ടു. സമാനമായ കേസ് മൂന്നംഗ ബെഞ്ചിന് മുന്നിലുള്ളപ്പോള്‍ രണ്ടംഗ ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നതിലെ അനൗചിത്യം അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ ആവശ്യത്തെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. കേസില്‍ മറുപടി നല്‍കാന്‍ കര്‍ഷക സംഘടനകള്‍ക്ക് മൂന്നാഴ്ചത്തെ സമയം കോടതി അനുവദിച്ചു. കേസില്‍ കക്ഷി ചേരാന്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും കര്‍ഷകരുടെ മറുപടി ലഭിച്ചശേഷം മൂന്നാഴ്ചത്തെ സമയം അനുവദിച്ച കോടതി കേസ് ഡിസംബര്‍ ഏഴിലേക്ക് മാറ്റി.

eng­lish sum­ma­ry; suprim­court farm­ers strike

you may also like this video;

Exit mobile version