തൃശൂർ അയ്യന്തോളിൽ നടന്ന എസ്ജി കോഫി ടൈംസ് പരിപാടിയിൽ വച്ച് ‘ഒറ്റത്തന്തയ്ക്ക് പിറന്നവൻ’ എന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി കഴിഞ്ഞ ദിവസം സ്വയം പ്രഖ്യാപിച്ചിരുന്നു. ഇതിന് കാരണമായത് എയിംസ് തൃശൂരിലേക്ക് വരുമെന്ന് പറഞ്ഞിട്ടില്ലെന്ന അദ്ദേഹത്തിന്റെ വാദമായിരുന്നു. ‘വാക്കും നിലപാടുകളും മാറ്റാറില്ലെന്നും നിലപാടുകളിൽ ഒറ്റത്തന്തയ്ക്ക് പിറന്നവൻ’ ആണെന്നും ഏറെ അഭിമാനത്തോടെ തന്നെയാണ് അദ്ദേഹം ആവർത്തിച്ചത്. പലപ്പോഴും ഇത്തരത്തിലുള്ള പഞ്ച് ഡയലോഗുകൾ സിനിമകളിൽ കേട്ട് ശീലിച്ചവർക്ക് അതിൽ ഊറ്റം കൊണ്ട് കൈയടിക്കാൻ തോന്നിയേക്കാം. പക്ഷെ അദ്ദേഹം പറഞ്ഞതിലെ പതിരും കതിരും തിരിക്കുമ്പോഴാണ് യാഥാർത്ഥ്യം വെളിവാകുക. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ കേന്ദ്ര മന്ത്രിയും പൊതുപ്രവർത്തകനും സിനിമാതാരവും കൂടിയായ സുരേഷ് ഗോപി നിരവധി തവണ വാക്കുകൾ മാറ്റിപ്പറഞ്ഞ് അപഹാസ്യനായിട്ടുണ്ടെന്നത് പ്രസ്താവനകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്ക് മനസിലാകും. അതിൽ പ്രധാനം വടക്കുംനാഥനിലെ ആംബുലൻസ് യാത്രയുടെ ‘മായക്കാഴ്ചയാണ്’.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉണ്ടായ തൃശൂർ പൂരം കലക്കലും അന്വേഷണങ്ങളും മൊഴിയെടുക്കലും വിവാദങ്ങളുമെല്ലാം മറക്കാറായിട്ടില്ല. അന്ന് ജനക്കൂട്ടത്തിനിടയിലൂടെ ആംബുലൻസിൽ വടക്കുംനാഥനിലേക്ക് എത്തിയ സുരേഷ്ഗോപിയുടെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. അത്യാഹിത വിഭാഗത്തിൽ അല്ലാത്ത ഒരാൾ, വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയ ഭാഗത്ത് പൂരത്തിരക്ക് ഒഴിവാക്കി ആംബുലൻസിൽ എത്തിയതുമായി ബന്ധപ്പെട്ട് കോലാഹലങ്ങളും കേസുകളുമുണ്ടായി. പല കേസുകളും ഇപ്പോഴും തുടരുന്നു. ഈ ദൃശ്യങ്ങൾ പ്രചരിക്കുമ്പോഴും ബിജെപിയുടെ ചേലക്കരയിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ സുരേഷ്ഗോപി പ്രസംഗിച്ചത് അങ്ങനെ സംഭവിച്ചിട്ടില്ലെന്നും ആരെങ്കിലും അത് കണ്ടുവെങ്കിൽ ‘മായക്കാഴ്ച’യാണ് അതെന്നുമായിരുന്നു. എന്നാൽ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിനാൽ പിന്നീട് ഈ വാദവുമായി ഏറെ മുന്നേറാൻ കഴിഞ്ഞില്ല. കൂടെ ഉണ്ടായിരുന്ന ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ ഏജൻസിയുടെ ചുമതലക്കാരന്റെ പേരും നാളുമടക്കമായിരുന്നു മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്. ‘നടക്കാൻ സാധിക്കാത്ത വിധം കാലിന് അസുഖമുള്ളതിനാൽ ആംബുലൻസിൽ വടക്കുംനാഥനിലേക്ക് പോയെന്നാണ്’ ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ സുരേഷ്ഗോപി മൊഴി നൽകിയത്. ഇത്തരത്തിൽ പലതും അദ്ദേഹത്തിന്റെ അക്കൗണ്ടിൽ ചേർക്കാനുണ്ട്.
ഈ കാര്യത്തിൽ മാത്രമല്ല, പല കാര്യങ്ങളിലും സുരേഷ്ഗോപിയുടെ കാപട്യവും പറഞ്ഞവ മാറ്റി പറയുന്ന ശീലവും ഒരു ഉള്ളുപ്പില്ലാതെയായിരുന്നു. മെട്രോ റെയിൽ അങ്കമാലി വഴി തൃശൂരിലേക്ക് നീട്ടാൻ ശ്രമിക്കുമെന്നത് ഇദ്ദേഹം മുൻപ് പലതവണ പറഞ്ഞതാണെങ്കിലും ഇപ്പോൾ അത്, പാലിയേക്കര വഴി കോയമ്പത്തൂരിലേക്ക് ‘നീട്ടി‘യിരിക്കുകയാണ്. എയിംസിന്റെ കാര്യത്തിൽ കേന്ദ്ര നിർദേശപ്രകാരം സംസ്ഥാന സർക്കാർ കോഴിക്കോട് സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്രത്തെയും ബന്ധപ്പെട്ട വകുപ്പുകളെയും അറിയിച്ചിട്ട് മാസങ്ങൾ പലതു കഴിഞ്ഞു. മറുപടി ഇതുവരെയില്ല. സംസ്ഥാനത്തെ പ്രധാന ബിജെപി നേതാക്കളും സുരേഷ്ഗോപിയുടെ എയിംസ് വാദത്തെ തള്ളിക്കളഞ്ഞതാണ്. ഇപ്പോൾ ആലപ്പുഴയെന്ന് പ്രഖ്യാപിക്കുന്ന മന്ത്രി, നേരത്തെ പറഞ്ഞത് കേരളം സൗകര്യങ്ങൾ ചെയ്തില്ലെങ്കിൽ തമിഴ്‌നാടിന് നൽകുമെന്നതാണ്. വാക്കിനും നിലപാടിനും ഒരു വ്യക്തതയുമില്ലാത്ത ഇദ്ദേഹത്തിന്റെ വകുപ്പിന്റെ പരിധിയിലോ നിയന്ത്രണത്തിലോ അല്ലാത്ത സംഗതികളെപ്പറ്റിയാണ് മേനി നടിച്ചുക്കൊണ്ടിരിക്കുന്നത്.
തെരഞ്ഞടുപ്പ് സമയത്ത് തൃശൂരിലെ ലൂർദ് കത്തിഡ്രലിൽ എത്തി മാതാവിന് കിരീടം നൽകി വിവാദമായി. തുടർന്ന് തെരഞ്ഞെടുപ്പ് വിജയാഹ്ലാദ സമയത്ത് പത്തുലക്ഷം രൂപയുടെ സ്വർണ മാല നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. പിന്നീട് ഒരു ചെറിയ ജപമാലയാണ് അവിടെ സമർപ്പിച്ചത്. പത്തു ലക്ഷത്തിന്റെ ‘വാക്ക്’ വിസ്മരിച്ചതിനെക്കുറിച്ച് അടുത്ത തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്തെങ്കിലും ഓർക്കുമെന്ന് കരുതുന്നു.
സുരേഷ്ഗോപി സിനിമാതാരം മാത്രം ആയിരിക്കുമ്പോൾ അദ്ദേഹം അനുഭവിച്ച് ആസ്വദിച്ച പലതും പൊതുപ്രവർത്തകന്റെ വേഷംകെട്ടുമ്പോൾ അഴിച്ചുമാറ്റേണ്ടി വരും. ദരിദ്രരും ദളിതുമായ ഒരു മനുഷ്യന് കൈ നൽകിയ ശേഷം മാറി നിന്ന് സെലിബ്രറ്റി സൂപ്പർസ്റ്റാർ ‘ഹാൻഡ് വാഷ്’ ചെയ്യുന്നതിൽ ഒരുവിഭാഗം ജനങ്ങൾ ആക്ഷേപം ഉന്നയിക്കണമെന്നില്ല. പക്ഷെ ഇതേ ജനങ്ങൾക്ക് മുന്നിൽ വന്ന് വോട്ട് യാചിക്കുകയും അതിനായി കുഞ്ഞുങ്ങളെ താലോലിക്കുകയും കൈ നൽകുകയുമെല്ലാം ചെയ്ത ഒരാൾ ഇത്തരത്തിൽ പെരുമാറുന്നത് അനീതിയും ജനങ്ങളോടുള്ള കടുത്ത വഞ്ചനയുമാണ്. അയ്യന്തോളിൽ അദ്ദേഹം പറഞ്ഞത് കോഫി ടൈംസിൽ ‘മേൽത്തട്ട്’ വിഭാഗത്തിന്റെ പ്രശ്നങ്ങളും കലുങ്ക് സംവാദത്തിൽ ‘അടിത്തട്ട്’ വിഭാഗത്തിന്റെ പ്രശ്നങ്ങളുമാണ്ചർച്ച ചെയ്യുന്നത് എന്നാണ്. മാത്രമല്ല, പ്രജകളുടെ ക്ഷേമമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് വീണ്ടും ആവർത്തിക്കുകയും ചെയ്തു. പ്രജ പ്രയോഗത്തിൽ സങ്കോചത്തിന്റെ ആവശ്യമില്ലെന്നാണ് അദ്ദേഹത്തിന്റെ ‘വിശാല’ കാഴ്ച്ചപ്പാട്. ‘രാജ്യത്തെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് നരേന്ദ്ര മോഡിയാണെന്ന’ മാറ്റൊരു തമാശ കൂടി അദ്ദേഹം പറഞ്ഞിരുന്നു.
ജീവിതത്തിൽ അഭിനയം അറിയാത്തവനും അപ്പോൾ കാണുന്നതിനോട് വൈകാരികമായി പ്രതികരിക്കുകയും ചെയ്യുന്ന രാഷ്ട്രീയം അറിയാത്ത നിഷ്കളങ്കനായിട്ടാണ് ബിജെപിയും സംഘ് പരിവാറും കേന്ദ്രസഹമന്ത്രിയെ കെട്ടിയെഴുന്നള്ളിക്കുന്നത്. പക്ഷെ യാഥാർത്ഥ്യം ഇവയൊന്നുമല്ല. കേന്ദ്രമന്ത്രിയുടെ ധാർഷ്ട്യവും വിവേചനവും അദ്ദേഹം നേരിട്ടെത്തിയ എല്ലായിടങ്ങളിലെ ജനവിഭാഗങ്ങൾക്കും ബോധ്യമായിട്ടുള്ളതാണ്. കഴിഞ്ഞ ദിവസം മുല്ലശേരി സർക്കാർ സ്കൂളിലെത്തിയ മന്ത്രിയുടെ പെരുമാറ്റം വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും മറക്കില്ല. ദീർഘനേരം കാത്തു നിന്നതിനു ശേഷമെത്തിയ സുരേഷ്ഗോപി, സ്കൂൾ അങ്കണത്തിൽ പ്രവേശിക്കുകയും അല്പനേരം വാഹനത്തിൽ തന്നെ ഇരുന്നതിനു ശേഷം എല്ലാവരേയും അവഗണിച്ച് തിരിച്ചുപോകുകയുമായിരുന്നു. പ്രധാന അധ്യാപികയോട് ബിജെപിയുടെ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു മന്ത്രിയുടെ സന്ദർശന കാര്യങ്ങൾ എല്ലാം യഥാവിധം അറിയിച്ചിരുന്നത്. സ്വീകരിക്കാൻ മാലകളുമായി കാത്തുനിന്ന വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർക്ക് പറ്റിയ തെറ്റ് എന്താണെന്ന്ഇപ്പോഴും ആർക്കും മനസിലായിട്ടില്ല.
വാക്കും നിലപാടുകളും മാറ്റാറില്ലെന്നത് സ്ഥാപിക്കാൻ വേണ്ടിയാണ് സുരേഷ് ഗോപി ഒറ്റവാക്ക് ‘ഒറ്റത്തന്ത’ എന്ന സമവാക്യത്തിൽ എത്തുന്നത്. എന്നാൽ അത് അദ്ദേഹത്തിന്റെ പ്രവൃത്തിയും വാക്കുമായും ചേർന്നു പോകാത്തതിനാൽ സ്വയം നിരാകരിക്കപ്പെടുകയാണ്. മാത്രമല്ല, വലിയ വീര പരിവേഷത്തിൽ പുരുഷന്റെ മേന്മ ഉദ്ഘോഷിക്കുന്ന ഈ കാടൻ പ്രയോഗം അത്രമേൽ സ്ത്രീവിരുദ്ധവും ശാസ്ത്രവിരുദ്ധവും കൂടിയാണ്. സിനിമ‑സീരിയലുകളിലോ കഥകളിലോ നായകനോ വില്ലനോ എല്ലാം മുഴക്കാവുന്ന ഈ വീരവാദം സദാചാര സംരക്ഷകരുടെ കേന്ദ്രമന്ത്രി തന്നെ സഭാമധ്യത്തിൽ ഉദ്ഘോഷിക്കുന്നത് ലജ്ജാകരമാണ്. മാത്രമല്ല ശാസ്ത്രീയമായി കാര്യങ്ങളെ വിശകലനത്തിന് വിധേയമാക്കിയാൽ ഒരു സമയം ഒരു പുരുഷനിൽ നിന്നും മാത്രം സ്വീകരിച്ച ബീജത്തിൽ നിന്നുമാണ് ജീവൻ ഉരുവപ്പെടുന്നത്. അല്ലാതെ പലരുടെയും ഒന്നിച്ചുള്ള സംയോജനം പ്രക്രിയകൾ ശാസ്ത്രം ഇന്നുവരെ തെളിയിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ‘ഒറ്റത്തന്ത’ അദ്ദേഹത്തിനു മാത്രമല്ല, എല്ലാവർക്കും ‘ജന്മസിദ്ധ’മാണ്. രാജ്യം മനുസ്മൃതി പിന്തുടരണമെന്ന് ആഗ്രഹിക്കുന്നവർക്ക് അമ്മയെന്ന സത്യം അംഗീകരിക്കാൻ പ്രയാസമുള്ളതിനാൽ ആകും ‘ഒറ്റത്തള്ള’ പ്രയോഗം വിട്ടുകളഞ്ഞത്.

