ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ ആറാം തവണയും ദേശീയ ന്യൂനപക്ഷ കമ്മിഷന് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് മുസ്ലിം സമുദായത്തിൽ നിന്നാണെന്ന് കണക്കുകൾ. പരാതികള്‍ നല്‍കിയതില്‍ ഏറ്റവും മുന്നില്‍ ഉത്തര്‍പ്രദേശും ഡല്‍ഹിയുമാണെന്നും ലോക്‌സഭയിലെ ചോദ്യത്തിന് മറുപടിയായി ന്യൂനപക്ഷകാര്യ മന്ത്രാലയം അറിയിച്ചു. എല്ലാ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദേശീയ ന്യൂനപക്ഷ കമ്മിഷൻ 2021–22 വരെയുള്ള വാർഷിക റിപ്പോർട്ടുകൾ ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്.
2017–18ൽ 1,498, 2018–19ൽ 1,871, 2019–20ൽ 1,670, 2020–21ൽ 1,463, 2021–22ൽ 2,076, 2022–23 നടപ്പു സാമ്പത്തിക വർഷത്തില്‍ 1,9184 എന്നിങ്ങനെയാണ് കമ്മിഷന് ലഭിച്ച പരാതികള്‍. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ ന്യൂനപക്ഷ സമുദായങ്ങളുടെ പരാതികളില്‍ വർധനവുണ്ടായി. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ പരാതികൾ ഉത്തർപ്രദേശിൽ നിന്നും ഡൽഹിയിൽ നിന്നുമാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മഹാരാഷ്ട്രയിൽ നിന്നും പരാതികളുടെ എണ്ണം വർധിച്ചിട്ടുണ്ട്.
2020–21ൽ 732 പരാതികളാണ് യുപിയില്‍ നിന്നും ലഭിച്ചത്. ഇത് രാജ്യവ്യാപകമായി ലഭിച്ച പരാതികളിൽ പകുതിയോളം വരും. ഡൽഹിയിൽ നിന്ന് 106 പരാതികളും മഹാരാഷ്ട്രയിൽ നിന്ന് 60 പരാതികളുമാണ് ലഭിച്ചത്. 2021–22ൽ യുപിയിൽ നിന്ന് 745, ഡൽഹിയിൽ നിന്ന് 227, മഹാരാഷ്ട്രയിൽ നിന്ന് 140 എന്നിങ്ങനെയാണ് പരാതികൾ ലഭിച്ചത്. ഈ വർഷം ആദ്യ 10 മാസങ്ങളിൽ യുപിയിൽ നിന്ന് 783, ഡൽഹിയിൽ നിന്ന് 204, മഹാരാഷ്ട്രയിൽ നിന്ന് 119 എന്നിങ്ങനെയാണ് പരാതികൾ ലഭിച്ചതിന്റെ കണക്കുകള്‍. ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് മുസ്ലിം സമുദായത്തില്‍ നിന്നാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
2020–21ൽ മുസ്ലിം സമുദായത്തിൽ നിന്നുള്ളവർ 1,105 പരാതികൾ നൽകിയപ്പോള്‍ 2021–22ൽ ഇത് 1,420 ആയി ഉയർന്നു. ഈ വര്‍ഷം ജനുവരി 31 വരെ 1,279 പരാതികളെങ്കിലും അവർ സമർപ്പിച്ചിട്ടുണ്ട്. ഇത് പീഡനത്തിന്റെയും വിവേചനത്തിന്റെയും സംഭവങ്ങളുടെ എണ്ണം വർധിക്കുന്നതായി സൂചിപ്പിക്കുന്നു.
ക്രിസ്ത്യൻ സമുദായം 2020–21ൽ 103 പരാതികളും 2021–22ൽ 137 പരാതികളും നൽകി. ജനുവരി 31 വരെയുള്ള കണക്കുകൾ പ്രകാരം 107 പരാതികളാണ് ഇവർ നൽകിയത്. 2020–21ൽ തമിഴ്‌നാട്, ഉത്തർപ്രദേശ്, കേരളം എന്നിവിടങ്ങളിൽ നിന്നാണ് ഈ പരാതികളിൽ ഭൂരിഭാഗവും ലഭിച്ചിരിക്കുന്നത്. എന്നാല്‍, അടുത്ത വർഷം ഡൽഹിയും മഹാരാഷ്ട്രയും ഈ പട്ടികയിൽ സ്ഥാനംപിടിച്ചു. നടപ്പ് സാമ്പത്തിക വർഷം ക്രിസ്ത്യാനികൾ നൽകിയ 107 പരാതികളിൽ 21 എണ്ണം ഉത്തർപ്രദേശിൽ നിന്നും 10 എണ്ണം തമിഴ്‌നാട്ടിൽ നിന്നുമാണ്. 2020–21ൽ സിഖ് സമുദായത്തില്‍ നിന്ന് 99 പരാതികളാണ് ലഭിച്ചത്. ഇത് 2021–22ൽ 120 ശതമാനം വർധിച്ച് 222 ആയി. ഈ വർഷം ഇതിനോടകം 270 പരാതികളാണ് ഇവർ കമ്മിഷനിൽ നൽകിയത്. രണ്ട് വർഷം മുമ്പ്, സിഖ് സമുദായത്തിൽ നിന്നുള്ള പരാതികളിൽ ഭൂരിഭാഗവും ഡൽഹിയിലും യുപിയിലും (21 വീതം), പഞ്ചാബ് (13), ഉത്തരാഖണ്ഡ് (12) എന്നിവിടങ്ങളിൽ നിന്നുമാണ് വന്നത്. എന്നിരുന്നാലും, കഴിഞ്ഞ സാമ്പത്തിക വർഷം ഡൽഹിയിലും പഞ്ചാബിലുമാണ് ഏറ്റവും കൂടുതൽ പരാതികൾ രേഖപ്പെടുത്തിയത് (46 വീതം), യുപി (26), ഹരിയാന (19). 2020–21ൽ 78 ആയിരുന്ന ജൈനർ, ബുദ്ധമതക്കാർ, പാഴ്‌സികൾ എന്നിവരിൽ നിന്നുള്ള പരാതികൾ 100 ശതമാനം വർധിച്ച് 2021–22ൽ 156 ആയി ഉയർന്നിട്ടുണ്ട്.
English Summary;Surge in complaints of minorities under Modi administration
You may also like this video