തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയാ പിഴവിനെതുടര്‍ന്ന് ഗൈഡ് വയർ നെഞ്ചിൽ കുരുങ്ങിയ സംഭവത്തിൽ പരാതിക്കാരി ഇന്ന് മെഡിക്കൽ ബോർഡിന് മുമ്പാകെ ഹാജരാകും. കാട്ടാക്കട കിള്ളി സ്വദേശിയായ സുമയ്യയുടെ നെഞ്ചിലാണ് ശസ്ത്രക്രിയക്കിടെ ഗൈഡ്വയര്‍ കുടുങ്ങിയത്. നെഞ്ചിൽ നിന്ന് വയർ പുറത്തെടുക്കാതിരിക്കുന്നതാണ് ഉചിതം എന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ.
ധമനികളോട് ഒട്ടിച്ചേർന്നതിനാൽ ഗൈഡ് വയർ മാറ്റാൻ ശ്രമിക്കുന്നത് സങ്കീർണമാകും എന്നാണ് കരുതുന്നത്. വയർ കുടുങ്ങി കിടക്കുന്നത് കൊണ്ട് യുവതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. ഇക്കാര്യങ്ങൾ സുമയ്യയെ ബോധ്യപ്പെടുത്താനാണ് ഇന്ന് മെഡിക്കൽ ബോർഡ് ചേരുന്നത്.ശ്വാസം മുട്ടൽ അടക്കം കടുത്ത ആരോഗ്യ പ്രശ്നങ്ങൾ താന്‍ നേരിടുന്നുണ്ട് എന്നാണ് സുമയ്യ മെഡിക്കൽ ബോർഡിനെ അറിയിച്ചിട്ടുള്ളത്. സുമയ്യയുടെ ആരോഗ്യാവസ്ഥ പരിശോധിച്ച ശേഷം മെഡിക്കൽ ബോർഡ് തുടർ ചികിത്സയും തീരുമാനിക്കും. 2023 മാർച്ച് 22ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോ.രാജീവ് കുമാറിന്റെ യൂണിറ്റിൽ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് സുമ്മയ്യയുടെ നെഞ്ചിൽ വയറ് കുടുങ്ങിയത്.

