ശസ്ത്രക്രിയക്കിടെ അനസ്തേഷ്യയുടെ പിഴവിനെ തുടർന്ന് ഒരു വർഷവും മൂന്നുമാസവും അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ ഭാര്യ അഖില (28) ആണ് മരണത്തിന് കീഴടങ്ങിയത്. ഹെർണിയ ശസ്ത്രക്രിയക്കായി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ 2023 മാർച്ച് 18നാണ് അഖിലയെ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ നടക്കുന്നതിനിടെ രോഗിക്ക് ബോധം വന്നതോടെ വീണ്ടും അനസ്തേഷ്യ കൊടുക്കുകയും ഓപ്പറേഷൻ പൂർത്തീകരിക്കുകയും ചെയ്തു. തുടർന്ന് യുവതി അബോധാവസ്ഥയിലായി. നിരന്തരം വിവിധ സ്വകാര്യ ആശുപത്രികളിൽ തുടർ ചികിത്സ നടത്തിയെങ്കിലും അബോധാവസ്ഥയില്‍ തന്നെ തുടരുകയായിരുന്നു.
തിങ്കളാഴ്ച രാത്രി വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 3.30 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തി. സ്വകാര്യ സ്കൂൾ ടീച്ചറായിരുന്നു അഖില. പിതാവ്: കദളിക്കാട്ടിൽ വിൻസന്റ്, മാതാവ്: ബീന. മക്കൾ: ജെറോം, ജെറോൺ.
ചികിത്സാ പിഴവ് സംബന്ധിച്ച് വയനാട് ഡി എം ഒ, ജില്ലാ ലീഗൽ സെൽ അതോറിട്ടി, മനുഷ്യാവകാശ കമ്മിഷൻ, കേണിച്ചിറ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പരാതി നൽകിയിരുന്നെങ്കിലും ശസ്ത്രക്രിയ നടന്നത് മുതൽ രോഗിയുടെ മരണം സ്ഥിരീകരിച്ച ഒരു വർഷത്തിലധികം വരുന്ന സമയപരിധിക്കുള്ളിൽ യാതൊരുവിധ അന്വേഷണവും നടന്നിട്ടില്ലെന്ന് ഭർത്താവ് ജെറിൽ ജോസ് പറഞ്ഞു. തുടർചികിത്സക്ക് വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ ഇതിനകം ലക്ഷങ്ങൾ ചെലവായികുകയും ചെയ്തു. പതിനഞ്ച് മാസത്തെ തുടർ ചികിത്സക്കായി 20 ലക്ഷത്തിലധികം രൂപ ചെലവഴിച്ചതായും ബന്ധുക്കൾ വ്യക്തമാക്കി.
English Summary:Surgical malpractice in private hospital; The woman died after being unconscious for more than a year
You may also like this video