Site iconSite icon Janayugom Online

ഗ്യാന്‍വാപിയില്‍ സര്‍വേ പുനരാരംഭിച്ചു

gyavyapigyavyapi

ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ പുനരാരംഭിച്ചു. കനത്ത സുരക്ഷയിലാണ് അഡ്വക്കേറ്റ് കമ്മിഷണറുടെ സംഘം പള്ളിയിലും പരിസരത്തും സര്‍വേയും വീഡിയോഗ്രഫിയും നടത്തിയത്. ആദ്യ ദിവസത്തെ സര്‍വേ നാലു മണിക്കൂറോളം നീണ്ടും. നടപടികള്‍ ഇന്നും തുടരും.

പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് ഹിന്ദു ദേവതകളുടെ പ്രതിഷ്ഠ ഉണ്ടെന്നും ഇവിടെ നിത്യ പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകളാണ് വാരാണസി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് പള്ളി പരിസരത്ത് സര്‍വേ നടത്തി വീഡിയോ പകര്‍ത്താന്‍ കോടതി ഉത്തരവിട്ടു. ഇതിന്റെ മേൽനോട്ടം വഹിക്കാനായി അജയ് കുമാർ മിശ്രയെ അഡ്വക്കേറ്റ് കമ്മിഷണറായും നിയമിച്ചു.

ഈ മാസം ആദ്യ ആഴ്ചയില്‍ സര്‍വേ നടത്താന്‍ അജയ് കുമാർ മിശ്രയും സംഘവും എത്തിയിരുന്നെങ്കിലും രണ്ട് ദിവസങ്ങളിലും പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തീകരിക്കാനായില്ല. കേസ് വീണ്ടും കോടതിയില്‍ എത്തിയെങ്കിലും സര്‍വേ നടപടികള്‍ തുടരാനും 17നു മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവിടുകയായിരുന്നു. അതേസമയം അഡ്വക്കേറ്റ് കമ്മിഷണറായി അജയ് കുമാര്‍ മിശ്രയെ നിയമിച്ചത് പക്ഷപാതപരമാണെന്നും അദ്ദേഹത്തെ തല്‍സ്ഥാനത്തു നിന്നും നീക്കണമെന്നും ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.

ഗ്യാന്‍വാപി വിഷയത്തില്‍ സുപ്രീം കോടതി വാദം കേള്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പള്ളിയുടെ മേൽനോട്ടം വഹിക്കുന്ന അഞ്ജുമാൻ ഇന്‍സാമിയ മസ്ജിദ് കമ്മിറ്റിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജി പരിഗണിക്കും.

Eng­lish Sum­ma­ry: Sur­vey resumed in Gyanwapi

You may like this video also

Exit mobile version