Site iconSite icon Janayugom Online

കേന്ദ്രത്തിന്റെ അവകാശ വാദങ്ങൾ പൊളിയുന്നു: രാജ്യത്തെ ജനങ്ങള്‍ സാമ്പത്തിക ഭദ്രത കൈവരിച്ചിട്ടില്ലെന്ന് സര്‍വേകള്‍

രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്പാദനം (ജിഡിപി) വളര്‍ച്ചയുടെ പാതയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോഴും ജനങ്ങള്‍ സാമ്പത്തിക ഭദ്രത കൈവരിച്ചിട്ടില്ലെന്ന് അഭിപ്രായ സര്‍വേകള്‍. നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ രാജ്യത്തിന്റെ ജിഡിപി 8.4 ശതമാനമായി ഉയര്‍ന്നുവെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശ വാദം. എന്നാല്‍ രാജ്യത്തെ കുടുംബങ്ങളുടെ വരുമാനം ഇപ്പോഴും തുച്ഛമായി തുടരുകയാണെന്ന് സര്‍വേകള്‍ വ്യക്തമാക്കുന്നു.

ഭാവി സാമ്പത്തിക ബാധ്യതകളില്‍ കടുത്ത ആശങ്കയുണ്ടെന്നാണ് സീ വോട്ടര്‍ സര്‍വേയില്‍ പങ്കെടുത്ത 3,400ത്തില്‍ അധികം പേരും അഭിപ്രായപ്പെട്ടത്. ഇന്ത്യ വളര്‍ച്ചയുടെ കുതിപ്പ് വീണ്ടെടുത്തെന്നു പറയുമ്പോഴും താഴേത്തട്ടിലുള്ള ജനങ്ങള്‍ക്ക് ഭാവി ചെലവ്, തൊഴില്‍ സുരക്ഷ, കുറഞ്ഞ വരുമാനം എന്നിവയെ കുറിച്ച് കടുത്ത ആശങ്കയാണുള്ളത്.

തങ്ങളുടെ സാമ്പത്തിക സ്ഥിതി അടുത്തവര്‍ഷവും ഇതേരീതിയില്‍ തുടരുമെന്നും അല്ലെങ്കില്‍ മോശമാകുമെന്നുമാണ് സര്‍വേയില്‍ പങ്കെടുത്ത 67 ശതമാനം പേരും അഭിപ്രായപ്പെട്ടത്. സമാനമായ കണ്ടെത്തലുകള്‍ തന്നെയാണ് സെപ്റ്റംബറില്‍ ആര്‍ബിഐ നടത്തിയ സര്‍വേയിലും പ്രതിഫലിക്കുന്നത്.

ഉപഭോക്തൃ ആത്മവിശ്വാസ സൂചിക ജൂലൈയിലെ 48.6ല്‍ നിന്നും നേരിയ തോതില്‍ ഉയര്‍ന്ന് സെപ്റ്റംബറില്‍ 57.7 ആയിയെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. എന്നാല്‍ വ്യക്തിഗത ചെലവ്, വരുമാനം, തൊഴില്‍, വില നിലവാരം എന്നിവ നെഗറ്റീവ് ആയിരുന്നു. 2017 സെപ്റ്റംബറില്‍ 95.5ല്‍ ആയിരുന്നപ്പോഴും സൂചിക നെഗറ്റീവ് തന്നെയായിരുന്നുവെന്നതാണ് ശ്രദ്ധേയം. അതുകൊണ്ടു തന്നെ 57.7 എന്നത് പൊലിപ്പിച്ചു കാണിക്കല്‍ മാത്രമാണ്.

13 പ്രധാന നഗരങ്ങളിലെ 5,237 കുടുംബങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ആര്‍ബിഐയുടെ സര്‍വേ. 72 ശതമാനം പേരും ഭാവിയില്‍ സാമ്പത്തിക സ്ഥിതി മോശമാകുമെന്നുള്ള ആശങ്കയാണ് പങ്കുവച്ചത്. വരും വര്‍ഷത്തില്‍ സാമ്പത്തിക സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് 40 ശതമാനം അഭിപ്രായപ്പെട്ടു.

മൊത്തത്തിലുള്ള തൊഴില്‍ സാഹചര്യം മോശമായെന്നാണ് 72.4 ശതമാനം അഭിപ്രായപ്പെട്ടത്. വിലക്കയറ്റം രൂക്ഷമാണെന്ന് 92.3 ശതമാനം പറഞ്ഞപ്പോഴും വരും വര്‍ഷത്തില്‍ ഇതേ സാഹചര്യം തുടരുമെന്നാണ് 74.7 ശതമാനം അഭിപ്രായപ്പെട്ടത്.

തങ്ങളുടെ വരുമാനം കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ പകുതി കുറഞ്ഞുവെന്നാണ് സെപ്റ്റംബറില്‍ സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) യുടെ സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടത്.

സമ്പദ്‌വ്യവസ്ഥ 2019 നേക്കാള്‍ മോശം: അഭിജിത് ബാനർജി

 

അഹമ്മദാബാദ്: ഇന്ത്യയിലെ ജനങ്ങൾ അങ്ങേയറ്റം കഷ്ടതയിലാണെന്നും സമ്പദ്‌വ്യവസ്ഥ ഇപ്പോഴും 2019 നേക്കാള്‍ മോശമാണെന്നും നൊബേൽ പുരസ്കാര ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അഭിജിത് ബാനർജി. സാധാരണക്കാരുടെ ചെറിയ ആഗ്രഹങ്ങള്‍ പോലും ഇപ്പോൾ കൂടുതൽ ചെറുതായി മാറുന്ന സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തിലെ അഹമ്മദാബാദ് സർവകലാശാലയിലെ 11-ാമത് വാർഷിക ബിരുദദാന ചടങ്ങിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

Eng­lish Sum­ma­ry: Sur­veys show peo­ple in the coun­try have not achieved finan­cial security

You may like this video also

Exit mobile version