Site iconSite icon Janayugom Online

അതിജീവനമാണ് ജീവിതങ്ങള്‍

പാട്ടും ഡാന്‍സും സിനിമയും കൂട്ടുകാരും ഒക്കെയായി ആഘോഷത്തിന്റെ രാവുകളാണ് തലസ്ഥാനത്ത്. ശാരിരിക ദൗര്‍ബല്യങ്ങളെ മറന്ന് ഓരോ മനുഷ്യരും അവരവരുടെതായ രീതികളെ പിന്‍തുടരുന്ന ദിവസങ്ങള്‍ കൂടി. അങ്ങനെയൊരു പരിപാടിയുടെ ഭാഗമാകാന്‍ കഴി‍ഞ്ഞ സന്തോഷത്തിലാണ് 26-ാം രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായ രണ്ടു പേര്‍. മേളയുടെ വോളന്റിയേഴ്സായ രാഹുലും അഡ്വ.അരവിന്ദും. ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്. കനകക്കുന്നിലെത്തുന്നവര്‍ക്ക് പരിചിതനാണ് രാഹുല്‍. സിനിമയോടുള്ള ഇഷ്ടമാണ് അരവിന്ദിനെ മേളയില്‍ എത്തിച്ചതെങ്കില്‍ മേളയുടെ ഭാഗമാകാനുള്ള ആഗ്രഹമാണ് രാഹുലിനെ വോളന്റിയറിന്റെ യൂണിഫോം അണിയിച്ചത്.

അതിജീവനത്തിന്റെ പുതിയ പാഠങ്ങളും സൗഹൃദത്തിന്റെ കൂടിച്ചേരലുകളും നിറഞ്ഞ ഇടത്തില്‍ ഇരുവരും ഹാപ്പിയാണ്. ഇത്തവണത്തെ ചലച്ചിത്ര മേളയിലെ വോളന്റിയേഴ്സാണ് ഉള്ളൂര്‍ മെഡിക്കല്‍ കോളജ് സ്വദേശിയായ അരവിന്ദും കവടിയാര്‍ സ്വദേശിയാണ് രാഹുലും. രാഹുലിന്റെ 13-ാമത്തെ മേളയാണിത്. രണ്ടാമത്തെ വര്‍ഷമാണ് വോളന്റിയറായി പ്രവര്‍ത്തിക്കുന്നത്. മേളയില്‍ നിന്ന് അപ്രതിക്ഷിതമായി കിട്ടിയ ചങ്ങാതിയുമുണ്ട് രാഹുലിനെ ചേര്‍ത്തു പിടിക്കാന്‍. മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ഥിയായ ആദ്ര തമ്പിയാണ് ആ കൂട്ടുകാരി. കഴിഞ്ഞ അഞ്ചു വര്‍ഷമായി മേളയ്ക്ക് വരുന്ന അരവിന്ദിനൊപ്പം ബിഎസ് ഡബ്ല്യൂ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ കിഷോറാണ് കൂട്ടിനുള്ളത്. ആദ്രയെയും കിഷോറിനെയും ഇത്തവണത്തെ മേളയില്‍ നിന്നാണ് ഇരുവര്‍ക്കും കിട്ടിയത്. കലാഭവന്‍ തിയറ്ററിലെ വോളന്റിയറാണ് രാഹുല്‍. ഇത്തവണത്തെ മേള സര്‍ക്കാര്‍ ഭിന്നശേഷി സൗഹൃദമാക്കിയ സന്തോഷം രാഹുല്‍ മറച്ചു വെച്ചില്ല. ഇഷ്ടപ്പെട്ട സിനിമകള്‍ കാണാനായ സന്തോഷത്തിലാണ് അരവിന്ദ്.

കോവിഡിന് ശേഷം നടക്കുന്ന മേളയായതിനാല്‍ നിരവധി പേരാണ് തലസ്ഥാനത്തേക്ക് എത്തുന്നത്. മേള നാളെ അവസാനിക്കും. അതിജീവനത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചലച്ചിത്ര മേളയിലെ സിനിമകള്‍ ഒന്നിനൊന്ന് മികച്ചു നില്‍ക്കുന്നതായിരുന്നു. രാഹുലിനെയും അരവിന്ദിനെയും പോലെ പല സാഹചര്യങ്ങളെ അതിജീവിച്ച് തന്റെതായ ഇടം അടയാളപ്പെടുത്തുന്ന നിരവധി പേരെയാണ് ഇത്തവണത്തെ ചലച്ചിത്ര മേളസമൂഹത്തിന് മുന്നിലെത്തിച്ചിരിക്കുന്നത്.

Eng­lish Summary:Survival is life spe­cial story
You may also like this video

Exit mobile version