Site icon Janayugom Online

രണ്ടാമനായി സൂര്യ ലോകകപ്പിന്

ഐസിസിയുടെ ടി20 റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം മൂന്നാം സ്ഥാനത്ത് തുടരുന്നു. 838 പോയിന്റുകളോടെയാണ് സൂര്യകുമാര്‍ യാദവ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ഇന്ത്യന്‍ താരങ്ങളായ കെ എല്‍ രാഹുലും (13) വിരാട് കോലിയും (15) ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (16) പട്ടികയില്‍ മാറ്റങ്ങളില്ലാതെ തുടരുന്നു. ബംഗ്ലാദേശിനെതിരെയും പാകിസ്ഥാനെതിരെയും മികച്ച പ്രകടനം പുറത്തെടുത്ത ന്യൂസീലന്‍ഡിന്റെ വലംകൈയ്യന്‍ താരം ഗ്ലെന്‍ ഫിലിപ്സ് 13 റാങ്കുകള്‍ കടന്ന് പത്താം സ്ഥാന൦ കരസ്ഥമാക്കി.

ബൗളിങ്ങില്‍ ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ രണ്ടാം സ്ഥാനത്തും ശ്രീലങ്കയുടെ വാനിന്ദു ഹസരങ്ക മൂന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്കയുടെ ടബ്രൈസ് ഷംസി നാലാം സ്ഥാനത്തുമാണ്. ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ പന്ത്രണ്ടാമതും രവിചന്ദ്ര അശ്വിന്‍ 22-ാമതും അക്സര്‍ പട്ടേല്‍ 23-ാമതുമാണ്. ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസനാണ് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. തലപ്പത്തിരുന്നാണ് ഷാക്കിബ് ടി20 ലോകകപ്പിനിറങ്ങുക. ആറാം സ്ഥാനത്തുള്ള ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍. 

Eng­lish Summary:surya-is-second-place
You may also like this video

Exit mobile version