Site icon Janayugom Online

തല്ലിത്തകര്‍ത്ത് സൂര്യ; ദക്ഷിണാഫ്രിക്കയ്ക്ക് 202 റണ്‍സ് വിജയലക്ഷ്യം

പരമ്പര സമനിലയാക്കാനിറങ്ങിയ ഇന്ത്യക്ക് വമ്പന്‍ സ്കോര്‍. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവ് സെഞ്ചുറി കരുത്ത് തെളിയിച്ചപ്പോള്‍ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. 56 പന്തില്‍ 100 റണ്‍സാണ് സൂര്യ അടിച്ചെടുത്തത്. ഏഴ് ഫോറും എട്ട് സിക്സറും ഉള്‍പ്പെടെയാണ് സൂര്യയുടെ നാലാം ടി20 സെഞ്ചുറി.
സ്കോര്‍ 29ല്‍ നില്‍ക്കെയാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. ആറ് പന്തില്‍ 12 റണ്‍സുമായി വെടിക്കെട്ട് ബാറ്റിങ്ങിന് തിരികൊളുത്തുന്നതിനിടയ്ക്കാണ് ശുഭ്മാന്‍ ഗില്‍ പുറത്താകുന്നത്. പിന്നാലെയെത്തിയ തിലക് വര്‍മ്മ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. മഹാരാജിന്റെ പന്തില്‍ മാര്‍ക്രം ക്യാച്ചെടുക്കുകയായിരുന്നു. 

എന്നാല്‍ പിന്നീടൊന്നിച്ച ജയ്സ്വാള്‍-സൂര്യകുമാര്‍ യാദവ് സഖ്യം ഇന്ത്യക്ക് മികച്ച കൂട്ടുകെട്ടുണ്ടാക്കി. 11.2 ഓവറില്‍ ടീം 100ല്‍ എത്തി. 34 പന്തില്‍ ജയ്സ്വാള്‍ അര്‍ധസെഞ്ചുറി തികച്ചു. 112 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പൊളിയുന്നത്. 41 പന്തില്‍ റണ്‍സെടുത്ത ജയ്സ്വാളിനെ ഷംസി പുറത്താക്കുകയായിരുന്നു. ആറ് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിങ്സ്. ജയ്സ്വാള്‍ മടങ്ങിയതിന് പിന്നാലെ സൂര്യ ടോപ് ഗിയറിലായി. വെടിക്കെട്ട് സിക്സറുകളുമായി ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ തല്ലിതകര്‍ത്തു. സെഞ്ചുറി നേടിയതിന് പിന്നാലെ സൂര്യ മടങ്ങി. റിങ്കു സിങ് (14), ജിതേഷ് ശര്‍മ (4), രവീന്ദ്ര ജഡേജ (4) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍. ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജും ലിസാദ് വില്യംസണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Eng­lish Sum­ma­ry; Surya the beat­er; South Africa set a tar­get of 202 runs
You may also like this video

Exit mobile version