Site iconSite icon Janayugom Online

സുശാന്തിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടത്തിന് സാക്ഷ്യം വഹിച്ച ആശുപത്രി ജീവനക്കാരൻ

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് പോസ്റ്റുമോര്‍ട്ടത്തിന് സാക്ഷ്യം വഹിച്ച ആശുപത്രി ജീവനക്കാരൻ. സുശാന്തിന്റേത് ആത്മഹത്യയാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 

എന്നാല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ മുംബൈയിലെ കൂപ്പര്‍ ആശുപത്രിയിലെ മോര്‍ച്ചറി ജീവനക്കാരനായിരുന്ന രൂപ്കുമാര്‍ ഷാ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി. സുശാന്തിന്റെ കഴുത്തിലും ശരീരത്തിലും നിരവധി പാടുകള്‍ ഉണ്ടായിരുന്നെന്നാണ് ഇദ്ദേഹം പറയുന്നത്. “സുശാന്ത് സിംഗ് മരിച്ചപ്പോള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കൂപ്പര്‍ ആശുപത്രിയില്‍ അഞ്ച് മൃതദേഹങ്ങളാണ് കൊണ്ടുവന്നത്. അതില്‍ ഒന്ന് വിഐപിയുടേതായിരുന്നു. സുശാന്തിന്റേതാണെന്ന് പിന്നീട് മനസ്സിലായി. ശരീരത്തില്‍ നിരവധി പാടുകള്‍ ഉണ്ടായിരുന്നു. കഴുത്തിലും രണ്ട് മൂന്ന് പാടുകള്‍ കണ്ടു. പോസ്റ്റുമോര്‍ട്ടം റെക്കോര്‍ഡ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ മാത്രം എടുത്താല്‍ മതിയെന്നായിരുന്നു മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം. ഉത്തരവിന് അനുസരിച്ച് മാത്രമാണ് ഞങ്ങള്‍ നീങ്ങിയത്.”- രൂപ്കുമാര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. 

മൃതദേഹം കണ്ടപ്പോള്‍ തന്നെ ഇത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് താൻ അധികാരികളോട് പറഞ്ഞിരുന്നു. നിയമപ്രകാരം പ്രവര്‍ത്തിക്കണമെന്ന് താൻ അവരോട് പറഞ്ഞു. പക്ഷെ ഫോട്ടോ എടുത്ത ശേഷം എത്രയും വേഗം മൃതദേഹം പോലീസിന് കൈമാറാനായിരുന്നു നിര്‍ദ്ദേശം. അതുകൊണ്ട് രാത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്നും രൂപ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.

2020 ജൂണില്‍ മുംബൈയിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ച നിലയിലാണ് സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിച്ചേരുകയും ചെയ്തു. ആദ്യം മുംബൈ പോലീസും പിന്നീട് ഇഡി, നര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ, സിബിഐ എന്നീ ഏജൻസികളും അന്വേഷിച്ചു. സുശാന്തിന്റെ കാമുകി റിയ ചക്രബര്‍ത്തി അറസ്റ്റിലായെങ്കിലും പിന്നീട് പുറത്തിറങ്ങി. 

Eng­lish Sum­mery: Sushant Singh Rajput’s Death Was Mur­der, Reveals Coop­er Hos­pi­tal Employ­ee Who Wit­nessed Post-mortem
You May Also Like This Video

Exit mobile version