Site iconSite icon Janayugom Online

നേപ്പാളിൽ സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയാവും; ഇന്ന് തന്നെ അധികാരമേൽക്കുമെന്ന് റിപ്പോർട്ടുകൾ

നേപ്പാളിൽ നിലവിലെ അശാന്തി തുടരുന്നതിനിടെ, സുശീല കാർക്കി രാജ്യത്തിന്റെ ഇടക്കാല പ്രധാനമന്ത്രിയാകും. ഇന്ന് രാത്രി 9 മണിക്ക് അവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. സാമൂഹിക മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് രാജ്യത്ത് ‘ജെൻ സീ’ പ്രതിഷേധക്കാർ നടത്തിയ അക്രമാസക്തമായ കലാപത്തിൽ 34 പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നേപ്പാളിന്റെ രാഷ്ട്രീയത്തിൽ ഈ സുപ്രധാന നീക്കം.

നേപ്പാളിന്റെ ആദ്യ വനിതാ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു സുശീല കാർക്കി. ഇപ്പോൾ രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി എന്ന ബഹുമതിയും അവർക്ക് സ്വന്തമാകും. വാരണാസിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് രാഷ്ട്രമീമാംസയിൽ ബിരുദാനന്തര ബിരുദം നേടിയ കാർക്കി, 1978ൽ നേപ്പാളിലെ ത്രിഭുവൻ സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം നേടി. 2016 ജൂൺ മുതൽ 2017 ജൂലൈ വരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച അവർ അഴിമതി വിഷയങ്ങളിൽ കർശന നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്.

Exit mobile version