Site iconSite icon Janayugom Online

കുരുന്നുകള്‍ക്ക് തണലൊരുക്കി സുസ്മിത മാതൃകയായി

കുരുന്നുകൾക്ക് ആദ്യാക്ഷരം നുകരാൻ അങ്കണവാടിക്ക് സൗജന്യമായി സ്ഥലം വിട്ടു നൽകിയ സുസ്മിത മാതൃകയായി. പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡ് പറവൂർ സംഗീതയിൽ സുസ്മിതയാണ് കുരുന്നുകൾക്ക് തണലായത്. രണ്ടു പതിറ്റാണ്ടിലധികം പശുത്തൊഴുത്തിലും പിന്നീട് സ്വകാര്യ വ്യക്തിയുടെ കാർ ഷെഡിലുമാണ് 132-ാം നമ്പർ അങ്കണവാടി പ്രവർത്തിച്ചു വന്നത്.

സുസ്മിതയുടെ രണ്ട് മക്കളും അറിവിന്റെ ആദ്യാക്ഷരം നുകർന്നതും തകർന്നടിഞ്ഞ ഈ അങ്കണവാടിയിലായിരുന്നു. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷക്കാലമായി കുട്ടികൾ വരുന്നില്ലെങ്കിലും ഇവർക്കായുള്ള ഭക്ഷണ വിതരണം നടന്നു വന്നിരുന്നു. ഇപ്പോൾ 13 കുട്ടികളാണ് ഈ അങ്കണവാടിയിൽ പഠിക്കുന്നത്. തന്റെ മക്കൾ അനുഭവിച്ച ദുരിതം മറ്റു കുട്ടികൾക്ക് ഉണ്ടാകാതിരിക്കാനാണ് കോട്ടയത്ത് ക്ഷീര വികസന വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടറായ സുസ്മിത തന്റെ വീടിന് സമീപത്തെ ലക്ഷങ്ങൾ വില മതിക്കുന്ന മൂന്നു സെന്റ് സ്ഥലം നിറഞ്ഞ മനസോടെ സൗജന്യമായി കൈമാറിയത്.

നല്ല രീതിയിൽ പഠിക്കാനുള്ള അന്തരീക്ഷമില്ലാതെ വലയുന്ന കുരുന്നുകളുടെ അവസ്ഥ മനസിലാക്കിയ പുന്നപ്ര വടക്ക് പഞ്ചായത്ത് ഭരണസമതിയുടെ അഭ്യർത്ഥന കൂടി കണക്കിലെടുത്താണ് സുസ്മിത ഈ സുമനസ് കാട്ടിയത്. ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ ചെലവിൽ ഇവിടെ ഹൈടെക് അങ്കണവാടി നിർമ്മിക്കാമെന്ന് ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബുവും ഉറപ്പ് നൽകി. സുസ്മിതയിൽ നിന്ന് എച്ച് സലാം എം എൽ എ ഇതിനായുള്ള സമ്മത പത്രം ഏറ്റുവാങ്ങി.

Exit mobile version