Site iconSite icon Janayugom Online

ലഡാക്കിനടുത്തുള്ള ഇന്ത്യയുടെ വൈദ്യുതി മേഖലയെ ചൈനീസ് ഹാക്കർമാർ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്

ലഡാക്കിലെ വൈദ്യുത വിതരണ ശൃംഖലയെ ചൈനീസ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ട്. ലഡാക്കിലെ അതി നിര്‍ണ്ണായകമായ അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിച്ച വിവരങ്ങളായിരുന്നു ഹാക്കര്‍മാരുടെ ലക്ഷ്യം. അതേസമയം സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സിയായ റെക്കോര്‍ഡഡ് ഫ്യൂച്ചറിന്റെ റിപ്പോർട്ടിനോട് ഇന്ത്യ, ചൈന സര്‍ക്കാരുകള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പുറത്തുവിട്ട റിപ്പോര്‍ട്ടുകളിലാണ് ഈ വിവരങ്ങളുള്ളത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഈ വര്‍ഷം മാര്‍ച്ച്‌ വരെയുള്ള കാലഘട്ടത്തിലാണ് ഹാക്കിങ് ശ്രമങ്ങളുണ്ടായത് എന്നാണ് സൂചന. രാജ്യങ്ങള്‍ സ്പോൺസർ ചെയ്യുന്ന ഹാക്കർമാരിൽ നിന്നുള്ള ഭീഷണികൾ തിരിച്ചറിയുന്നതിൽ വൈദഗ്ധ്യമുള്ള ലോകത്തിലെ ഏറ്റവും വലിയ ഇന്റലിജൻസ് സ്ഥാേപനമാണ് റെക്കോര്‍ഡഡ് ഫ്യൂച്ചർ.

ഉത്തരേന്ത്യയിലെ ഏഴ് ‘ലോഡ് ഡെസ്പാച്ച്’ കേന്ദ്രങ്ങളെയാണ് ചൈനീസ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടത്. ഇന്ത്യ — ചൈന തര്‍ക്ക പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനികള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഭാവി പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കം ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും റിപ്പോർട്ടില്‍ പറയുന്നു.

ചൈനയിലെ ‘റെഡ് എക്കോ’ ഹാക്കിങ് ഗ്രൂപ്പാണ് ഹാക്കിങ് ശ്രമം നടത്തിയതെന്നാണ് ഇവരുടെ കണ്ടെത്തല്‍. ടാഗ് 38 എന്ന ഹാക്കിങ് ഗ്രൂപ്പിനെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു ഇന്ത്യന്‍ ദേശീയ അടിയന്തര പ്രതികരണ സംവിധാനവും ഒരു മള്‍ട്ടിനാഷണല്‍ ലോജിസ്റ്റിക്‌സ് കമ്പനിയുടെ അനുബന്ധ സ്ഥാപനവും ഹാക്ക് ചെയ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിന് മുന്‍പ് ഇന്ത്യന്‍ സര്‍ക്കാരിനെ തങ്ങളുടെ കണ്ടെത്തലുകള്‍ അറിയിച്ചിരുന്നുവെന്നും ഏജന്‍സി വ്യക്തമാക്കുന്നു. .

Eng­lish sum­ma­ry; Sus­pect­ed Chi­nese hack­ers tar­get­ed India’s pow­er grids near Ladakh

You may also like this video’;

Exit mobile version