ബിവറേജ് കുത്തി തുറന്ന് മോഷണം നടത്തിയ പ്രതികൾ പിടിയിൽ. തൊണ്ടർനാട് കോറോത്തെ ഔട്ലറ്റിൽ മോഷണം നടത്തിയ പേരാമ്പ്ര കൂട്ടാളി സ്വദേശി സതീശൻ, എറണാകുളം തൃപ്പൂണിത്തറ സ്വദേശി ബൈജു എന്നിവരാണ് പിടിയിലായത്. ഈമാസം എട്ടിനായിരുന്നു മോഷണമുണ്ടായത്. 22000 രൂപയും 92000 രൂപയുടെ മദ്യവുമാണ് മോഷ്ടിച്ചത്.
പിന്നാലെ പ്രതികളുടെ ചിത്രം നിരീക്ഷണക്യാമറയിൽ പതിഞ്ഞിരുന്നു. തൊണ്ടർനാട് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്എച്ച്ഓ എസ്. അഷ്റഫിന്റെ നേതൃത്വത്തിൽ എസ്ഐമാരായ കെപി അബ്ദുൽ അസീസ്, കെ മൊയ്തു, ബിൻഷാദ് അലി, എസ് സിപിഒ ജിമ്മി ജോർജ്, സിപിഒ മാരായ ശ്രീജേഷ്, ഷിന്റോ ജോസഫ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. മറ്റൊരു സംഭവത്തിൽ, പത്തനംതിട്ടയിൽ അഞ്ച് കിലോയോളം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പൊലീസ് പിടികൂടിയത്. ജില്ലാ പൊലീസ് ഡാൻസാഫ് സംഘവും, കൊടുമൺ പൊലീസും നടത്തിയ സംയുക്ത നീക്കത്തിലാണ് ഇയാൾ പിടിയിലായത്.
കൊടുമൺ കണ്ണാടിവയൽ പാറക്കരയിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിലെ ഷെഡിൽ നിന്നാണ് 4.800 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. പശ്ചിമ ബംഗാൾ പാർഗാനസ സൗത്ത് 24, ഗോസബ തനസർപറ, കമർപറ 84 ൽ ബിശ്വജിത് ബർമൻ മകൻ പ്രസൻജിത്ത് ബർമൻ (32) ആണ് പിടിയിലായത്.