Site iconSite icon Janayugom Online

പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്തതിന് നാട്ടുകാരെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ

തൃക്കുന്നപ്പുഴ പാനൂർ പല്ലന ആഞ്ഞിലത്തറ ഹൗസിൽ അജാസ് മുഹമ്മദ് (21), പാനൂർ പല്ലന വെട്ടുതറ കാട്ടിൽ ഹൗസിൽ ബാസിത് (19), പാനൂർ പല്ലനയിൽ പേരേത്ത്‌ ഹൗസിൽ അൻവർ അനസ് (23) എന്നിവരെയാണ് അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പ്രതീഷ്കുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ കായിപ്പള്ളി അമ്പലത്തിന് സമീപം ഇരുന്ന് പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്ത ആളെ ബൈക്ക് തടഞ്ഞു നിർത്തി പ്രതികൾ ചേർന്ന് ദേഹോപദ്രവം ഏൽപ്പിക്കുകയും, ഹെൽമെറ്റ്‌ കൊണ്ടടിക്കുകയും അതുകണ്ട് തടയാൻ ചെന്ന അയാളുടെ സഹോദരിയെ മുടിക്ക് കുത്തി പിടിക്കുകയും, പത്തലുവടി കൊണ്ട് കാലിൽ അടിക്കുകയും ചെയ്യുകയും സംഭവ സ്ഥലത്ത് എത്തിയ പോലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞ കേസിലെ പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. 

ഓച്ചിറ ഭാഗത്ത്‌ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നേരത്തേ തൃക്കുന്നപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ കുരുമുളക് സ്പ്രേ അടിച്ചു നാട്ടുകാരെ ആക്രമിച്ച കേസിലും, കഞ്ചാവ് കൈവശം വെച്ച കേസിലും കെഎസ്ആര്‍ടിസി കണ്ടക്ടറേയും, ഡ്രൈവറേയും ആക്രമിച്ച കേസിലെയും പ്രതികൾ ആണ്. അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പ്രതീഷ്കുമാറിന്‍റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ അനീഷ് കെ ദാസ്, വേണുഗോപാലൻ, നവാസ്, നിധിൻ, നൗഷാദ്, ജോസഫ് ജോയി, തൻസിം ജാഫർ, വിഷ്ണു, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Exit mobile version