Site iconSite icon Janayugom Online

അധിര്‍ രഞ്ജന്‍ ചൗധരിക്ക് സസ്പെന്‍ഷന്‍

മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം കേന്ദ്ര‑സംസ്ഥാന ബിജെപി സര്‍ക്കാരുകളുടെ മുഖംമൂടി പറിച്ചെറിഞ്ഞതിന്റെ നിരാശയില്‍ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ സസ്പെന്‍ഡ് ചെയ്ത് ഭരണപക്ഷം. മൂന്ന് ദിവസമായി തുടര്‍ന്ന ചര്‍ച്ചകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി മറുപടി പറഞ്ഞതിനു ശേഷമായിരുന്നു നടപടി. രണ്ടുമണിക്കൂര്‍ നീണ്ടുപോയ മോഡിയുടെ പ്രസംഗത്തില്‍ മണിപ്പൂര്‍ വിഷയം പരാമര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തിയ പ്രതിപക്ഷത്തിന്റെ അഭാവത്തിലായിരുന്നു നടപടി. പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.
മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ എല്ലാ വിഭാഗവും മുന്നോട്ടു വരണം. 

രാജ്യവും പാര്‍ലമെന്റും മണിപ്പൂരിനൊപ്പമുണ്ട് എന്നു പറഞ്ഞ പ്രധാനമന്ത്രി ഹൈക്കോടതി വിധിയാണ് പ്രശ്നത്തിന് കാരണമായതെന്ന് പറഞ്ഞ് കോടതിയെ കുറ്റപ്പെടുത്താനും ശ്രമിച്ചു. തുടര്‍ന്ന് പതിവുപോലെ താന്‍ 50 തവണ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു, നിലവിലെ സ്ഥിതിക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ നയങ്ങളാണ് എന്നിങ്ങനെ വീണ്ടും വാചാടോപത്തിലേയ്ക്ക് കടന്നു. പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക്‌സഭ ഇന്നലെ സമ്മേളിച്ചയുടന്‍ 12 വരെ പിരിഞ്ഞു. തുടര്‍ന്ന് സമ്മേളിച്ച സഭയില്‍ മേശപ്പുറത്തു വയ്ക്കാനുള്ള രേഖകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അവിശ്വാസ പ്രമേയ ചര്‍ച്ചയിലേക്ക് നീങ്ങുകയാണുണ്ടായത്. 

ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. വൈകുന്നേരം നാലിനു പ്രധാനമന്ത്രി മറുപടി നല്‍കുമെന്നാണ് നിശ്ചയിച്ചതെങ്കിലും അഞ്ചോടെയാണ് മോഡി സഭയിലേക്ക് എത്തിയത്. മൂന്നു പകല്‍ നീണ്ട ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്ന മോഡി രണ്ടു മണിക്കൂറിലധികമാണ് മറുപടി പ്രസംഗം നടത്തിയത്. തുടര്‍ന്ന് ശബ്ദവോട്ടോടെ അവിശ്വാസം തള്ളി. അധിര്‍ രഞ്ജന്‍ ചൗധരിയെ സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയം പാസാക്കി സഭ ഇന്നത്തേക്ക് പിരിയുകയാണുണ്ടായത്. രാജ്യസഭ ഇന്നലെ പൂര്‍ണമായി സ്തംഭിച്ചു.

Eng­lish Summary;Suspension for Adhir Ran­jan Chaudhary
You may also like this video

Exit mobile version