Site iconSite icon Janayugom Online

വോട്ടിങ് മെഷീനില്‍ തിരിമറിയെന്ന് സംശയം; 5,54,598 വോട്ടുകള്‍ കാണാനില്ല

തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷവും പൗരസംഘടനകളും ഉയര്‍ത്തിയ സംശയം ശരിവയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. 362 ലോക്‌സഭാ മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ (ഇവിഎം) പോള്‍ ചെയ്ത 5,54,598 വോട്ടുകള്‍ എണ്ണിയപ്പോള്‍ കാണാനില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു. 176 മണ്ഡലങ്ങളില്‍ 35,093 വോട്ടുകള്‍ കൂടുതല്‍ രജിസ്റ്റര്‍ ചെയ്തതായും കണ്ടെത്തി. 267 മണ്ഡലങ്ങളില്‍ 500ലധികം വോട്ടുകളുടെ വ്യത്യാസവുമുണ്ട്.
ഒന്നാംഘട്ടമായ ഏപ്രില്‍ 19ന് തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ മണ്ഡലത്തില്‍ 14,30,738 പേര്‍ വോട്ട് രേഖപ്പെടുത്തിയതായി മേയ് 25ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ജൂണ്‍ നാലിന് 14,13,947 വോട്ടുകള്‍ മാത്രമാണ് ഇവിഎമ്മില്‍ കണ്ടതും എണ്ണിയതും, 16,791 വോട്ടുകളുടെ കുറവുണ്ടായി. ഏപ്രില്‍ 26ന് അസമിലെ കാരിംഗഞ്ചില്‍ രണ്ടാംഘട്ട പോളിങ്ങില്‍ 11,36,538 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ടെണ്ണിയപ്പോള്‍ 3,811 എണ്ണം കുറവായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി കൃപാനാഥ് മല്ലാ 18,360 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു. എന്തുകൊണ്ട് കണക്കുകളില്‍ പൊരുത്തക്കേടുണ്ടായി എന്നതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമായി ഉത്തരം നല്‍കുന്നില്ല. കമ്മിഷന്‍ പുറത്തിറക്കിയിട്ടുള്ള, നിലവിലെ പ്രോട്ടോക്കോള്‍ അനുസരിച്ചു് ചില വോട്ടുകള്‍ എണ്ണിയിട്ടില്ലെന്ന് ഉത്തര്‍പ്രദേശിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കി. 

വോട്ടെടുപ്പ് തുടങ്ങുന്നതിന് മുമ്പ് ഇവിഎം കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്ന് മോക്ക് പോള്‍ കണക്കുകള്‍ പ്രിസൈഡിങ് ഓഫിസര്‍ നീക്കം ചെയ്യാന്‍ മറക്കുകയോ, വിവിപാറ്റില്‍ നിന്ന് മോക്ക് പോള്‍ സ്ലിപ്പുകള്‍ നീക്കം ചെയ്യാതിരിക്കുകയോ ചെയ്യുക, ഇവിഎമ്മില്‍ പോള്‍ ചെയ്ത മൊത്തം വോട്ടും പ്രിസൈഡിങ് ഓഫിസര്‍ തയ്യാറാക്കിയ ഫോം 17സിയിലെ വോട്ടുകളുടെ എണ്ണം പൊരുത്തപ്പെടാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ ഇങ്ങനെ സംഭവിക്കാമെന്ന് അദ്ദേഹം പറയുന്നു. ഓരോ മണ്ഡലത്തിലെയും കണക്കുകളിലെ പൊരുത്തക്കേട് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം നല്‍കണമെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് സഹസ്ഥാപകന്‍ ജഗ്‌ദീപ് ചോക്കര്‍ ആവശ്യപ്പെട്ടു. ഇവിഎമ്മില്‍ പോള്‍ചെയ്ത വോട്ടുകള്‍ എണ്ണാതിരുന്നതിനും എണ്ണിയതിനും പൊതുവായ വിശദീകരണം മാത്രമാണ് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.
ആന്ധ്രാപ്രദേശിലെ ഒങ്കോള്‍, ഒഡിഷയിലെ ബാലസോര്‍, മധ്യപ്രദേശിലെ മാണ്ഡല, ബിഹാറിലെ ബക്സര്‍ എന്നീ മണ്ഡലങ്ങളില്‍ ഇത്തരത്തിലുള്ള അധിക വോട്ടുകള്‍ എണ്ണിയിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സമാനമായ സംഭവങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് സുപ്രീം കോടതിയില്‍ പരാതി നല്‍കിയിരുന്നു.

Eng­lish Summary:Suspicion of tam­per­ing with the vot­ing machine; 5,54,598 votes are missing
You may also like this video

Exit mobile version