ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൻ്റെ പേരിൽ മധ്യപ്രദേശിലെ ജബുവ ജില്ലയിൽ യുവാവിൻ്റെ ക്രൂരമായ അതിക്രമം. അവിഹിതം ആരോപിച്ച് ഭർത്താവ് ഭാര്യയുടെ മൂക്ക് മുറിച്ചു. ജബുവ ജില്ലയിലെ പാദൽവ ഗ്രാമത്തിലെ 23 കാരിയായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. രാകേഷ് ബിലാവൽ എന്നയാളാണ് കൃത്യം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ജോലിയുമായി ബന്ധപ്പെട്ട് രാകേഷ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഭാര്യയുമായി ഗുജറാത്തിലേക്ക് പോയിരുന്നു. ഇവിടെ വെച്ച് ഭാര്യക്ക് മറ്റാരോ ആയി ബന്ധമുണ്ടെന്ന് ആരോപിച്ച് രാകേഷ് തർക്കങ്ങൾ ആരംഭിച്ചു. ഒടുവിൽ ഇരുവരും ഗ്രാമത്തിലേക്ക് തിരിച്ചെത്തി. ഗ്രാമത്തിൽ തിരിച്ചെത്തിയ ശേഷം രാകേഷ് പീഡനം തുടർന്നു. മർദനത്തിനിടയിൽ ഭാര്യയുടെ മൂക്ക് മുറിച്ചു. ഇതിനുശേഷം രാകേഷ് തന്നെയാണ് ഭാര്യയെ ആശുപത്രിയിൽ എത്തിച്ചതും.
ഗുജറാത്തിൽ വെച്ച് ഭർത്താവ് ഉപദ്രവിച്ചതിനെ തുടർന്ന് താൻ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നതായി യുവതി പറയുന്നു. ഗ്രാമത്തിൽ തിരിച്ചുപോയി കുടുംബവുമായി സംസാരിക്കാമെന്നായിരുന്നു രാകേഷിൻ്റെ മറുപടി. എന്നാൽ വീട്ടിൽ തിരിച്ചെത്തിയ ശേഷം വടി ഉപയോഗിച്ച് അടിക്കുകയും ബ്ലേഡ് കൊണ്ട് മൂക്ക് മുറിക്കുകയുമായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. മകൻ നിലവിളിച്ച് കരഞ്ഞിട്ടും ഭർത്താവ് ഉപദ്രവം തുടർന്നു എന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.

