Site icon Janayugom Online

‘വാല്‍വിനുള്ളില്‍ വാല്‍വ്’ സ്ഥാപിച്ച് പട്ടം എസ്‌യുടി; ശസ്ത്രക്രിയ വിജയകരം

sut

വാല്‍വിനുള്ളിലെ വാല്‍വ് വിജയകരമാക്കി പട്ടം എസ്‌യുടി ആശുപത്രി. കടുത്ത ശ്വാസംമുട്ടലും ഒരാഴ്ചയില്‍ ഏറെയായുള്ള ഉറക്കക്കുറവും കാരണമാണ് 73കാരന്‍ ആശുപത്രിയിലെത്തിയത്. തുടര്‍ന്നുള്ള പരിശോധനയില്‍ അദ്ദേഹത്തിന്റെ ഹൃദയത്തിലെ അയോട്ടിക് വാല്‍വ് ചുരുങ്ങിയ അവസ്ഥയിലാണെന്ന് കണ്ടെത്തി. ഇതു കൂടാതെ ഈ അവസ്ഥ സങ്കീര്‍ണമാക്കുന്ന തരത്തില്‍ ശ്വാസകോശരോഗവും വൃക്ക തകരാറും ഉണ്ടായിരുന്നു.
കൊറോണറി ആര്‍ട്ടറിയുടെ തടസം നീക്കുന്നതിനും അയോട്ടിക് വാല്‍വിലെ ചുരുക്കം മാറ്റുന്നതിനുമായി 2008ല്‍ മറ്റൊരു ആശുപത്രിയില്‍ അദ്ദേഹത്തിന് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിയോടൊപ്പം (ബൈപ്പാസ് സര്‍ജറി) വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടത്തിയിരുന്നു. അന്ന് മാറ്റിവച്ച അയോട്ടിക് വാല്‍വിനാണ് വീണ്ടും ചുരുക്കം സംഭവിച്ചിരിക്കുന്നത്. ഇതു കൂടാതെയുള്ള മറ്റു അസുഖങ്ങളും ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി വീണ്ടും ചെയ്യാനുള്ള അപകടസാധ്യതകളും കണക്കിലെടുത്ത് കാര്‍ഡിയാക് ടീം അദ്ദേഹത്തിന് ട്രാന്‍സ് അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷന്‍(ടവി) എന്ന ചികിത്സാരീതി നിര്‍ദേശിച്ചു. അങ്ങനെ മുമ്പ് മാറ്റിവച്ചതും ഇപ്പോള്‍ പ്രവര്‍ത്തനരഹിതവുമായ അയോട്ടിക് വാല്‍വിനുള്ളില്‍ ഒരു പുതിയ വാല്‍വ് സ്ഥാപിക്കുകയും വാല്‍വിന്റെ തടസം പരിഹരിക്കുകയും ചെയ്തു. 

സാധാരണ രീതിയില്‍ നെഞ്ച് തുറന്നാണ് ഹൃദയ വാല്‍വിന്റെ ശാസ്ത്രക്രിയ നടത്തുന്നത്. എന്നാല്‍ അത്യാധുനിക സാങ്കേതിക മികവിനോടൊപ്പം മികച്ച പ്രവര്‍ത്തന പരിചയമുള്ള ഡോക്ടര്‍മാരുടെ കൂട്ടായ പരിശ്രമത്താല്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ ചുരുങ്ങിയ വാല്‍വിനുള്ളില്‍ പുതിയ വാല്‍വ് സ്ഥാപിക്കുന്ന ശാസ്ത്രക്രിയയാണ് ടവി. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയില്‍ സങ്കീര്‍ണതകളുണ്ടാകാന്‍ സാധ്യതയുള്ള രോഗികളിലാണ് ഈ ശസ്ത്രക്രിയ ചെയ്യുന്നത്.
ഡോക്ടര്‍മാരായ പ്രവീ ജി കെ, രാജലക്ഷ്മി എസ്, അനൂപ് കുമാര്‍ എസ്, ശാന്തള പ്രഭു, നയന, വിഷ്ണു, അയ്യപ്പന്‍ എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

You may also like this video

Exit mobile version