ശബരിമലയിലെ സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് മറ്റന്നാള്‍ ചോദ്യം ചെയ്യും.
സ്വർണം പൂശുന്നതിനും അന്നദാനത്തിന്റെ പേരിലും ഉണ്ണികൃഷ്ണൻ പോറ്റി വ്യാപക പണപ്പിരിവ് നടത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാൻ ദേവസ്വം വിജിലൻസ് തീരുമാനിച്ചത്. അന്യസംസ്ഥാനങ്ങളിലും ഉണ്ണികൃഷ്ണൻ പോറ്റി പണപ്പിരിവ് നടത്തിയതായി വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്. പണപ്പിരിവിന്റെ ഭാഗമായാണ് സ്വർണപ്പാളി ബംഗളൂരുവിൽ കൊണ്ടുപോയതെന്നും വിജിലൻസ് സംശയിക്കുന്നു.
ശബരിമലയുമായി അടുത്ത ബന്ധമുണ്ടെന്ന് വരുത്തിത്തീർത്ത് കർണാടക, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരിൽ നിന്നാണ് പണപ്പിരിവ് നടത്തിയത്. ഇതുസംബന്ധിച്ച് മുമ്പേതന്നെ പോറ്റിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
സന്നിധാനത്ത് വില കൂടിയ ഒരു സമർപ്പണം നടത്താൻ അഞ്ച് പേരിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റി പണം വാങ്ങിയിരുന്നെന്നാണ് വിവരം ലഭിച്ചത്. ഇങ്ങനെ ലഭിച്ച പണം ഇയാള്‍ ബ്ലേഡ് പലിശയ്ക്ക് ഉപയോഗിക്കുകയായിരുന്നു. ഒരു സമർപ്പണത്തിനായി പലരിൽ നിന്ന് പണം വാങ്ങുകയും അതിൽ ഓരോ ആളുകളുടെയും പണം ഉപയോഗിച്ചാണ് സമർപ്പണം നടത്തിയതെന്ന് വിശ്വസിപ്പിക്കുകയുമായിരുന്നു രീതി. കബളിക്കപ്പെട്ടത് അറിയാത്ത ഭക്തർ വിചാരിക്കുന്നത് അവരുടെ പണം ഉപയോഗിച്ചാണ് സമർപ്പണം നടത്തിയതെന്നാണ്. വിവാദ സ്വർണപ്പാളിയിൽ സ്വർണം പൂശാനും ഇയാൾ ഒന്നിലധികം ധനികരിൽ നിന്ന് പണം വാങ്ങിയതായും വിജിലൻസിന് വിവരം ലഭിച്ചു. ദേവസ്വം ബോർഡിന്റെ ഔദ്യോഗിക രേഖകളിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയായതുകൊണ്ട് പണം നൽകിയവർക്ക് തട്ടിപ്പ് കണ്ടുപിടിക്കാനായില്ല.
അതേസമയം സത്യം പുറത്തുവരേണ്ടത് തന്റെ ആവശ്യമാണെന്നും പറയാനുള്ളതെല്ലാം കോടതിയിൽ പറയുമെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. ഇന്നലെ ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരം കിളിമാനൂര്‍ കാരേറ്റിലെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ആവശ്യപ്പെടുന്ന രേഖകൾ നൽകുമെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. താൻ തെറ്റുകാരനല്ല. ചെയ്ത കാര്യങ്ങൾ ബോധ്യപ്പെടുത്താൻ അവസരം തരണം. തന്റെ ഭാഗം ശരിയോ തെറ്റോ എന്ന് കോടതി തീരുമാനിക്കട്ടെ. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു.

