Site iconSite icon Janayugom Online

നാറ്റോ അംഗത്വ അപേക്ഷ സമര്‍പ്പിച്ച് സ്വീഡനും ഫിന്‍ലന്‍ഡും

നാറ്റോ അംഗത്വത്തിനായുള്ള അപേക്ഷ സ്വീഡനും ഫിന്‍ലന്‍ഡും സമര്‍പ്പിച്ചു. ഇന്നലെ ബ്രൂസെല്‍സിലെ നാറ്റോ ആസ്ഥാനത്തു വച്ചാണ് ഇരു രാജ്യങ്ങളുടെയും അംബസസര്‍മാര്‍ ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിച്ചത്. ചരിത്രനിമഷമാണിതെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍ സ്റ്റോളന്‍ബര്‍ഗ് പറഞ്ഞു. സ്വീഡന്റെയും ഫിന്‍ലന്‍ഡിന്റെയും പ്രവേശനം ബാള്‍ട്ടിക് മേഖലയില്‍ നാറ്റോയുടെ ശക്തി വര്‍ധിപ്പിക്കുമെന്നും സ്റ്റോളന്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.

ശീതയുദ്ധകാലത്ത് നിഷ്‍പക്ഷ നിലപാട് സ്വീകരിച്ചിരുന്ന സ്വീഡന്റെയും ഫിന്‍ലന്‍ഡിന്റെയും നാറ്റോ അംഗത്വം യൂറോപ്പിന്റെ സുരക്ഷാ ഘടനയിലെ സുപ്രധാന മാറ്റങ്ങളിലൊന്നായാണ് വിലയിരുത്തുന്നത്. ഉക്രെയ്‍നിലെ റഷ്യന്‍ സെെനിക നടപടി ആരംഭിച്ചതിനു ശേഷം നാറ്റോ അംഗത്വത്തിനായി ഇരു രാജ്യങ്ങളിലേയും പൊതുസമ്മതി വര്‍ധിച്ചിരുന്നു.

അപേക്ഷ നാറ്റോയിലെ 30 അംഗരാജ്യങ്ങളും ഏകകണ്ഠമായി അംഗീകരിച്ചാല്‍ മാത്രമേ സ്വീഡന്റെയും ഫിന്‍ലന്‍ഡിന്റെയും പ്രവേശനം ഫലത്തില്‍ സാധ്യമാകുകയുള്ളു. ഇരു രാജ്യങ്ങളുടെയും പ്രവേശനത്തെ എതിര്‍ക്കുമെന്ന് തുര്‍ക്കി പ്രഖ്യാപിച്ചിരുന്നു. തുര്‍ക്കിയുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് സ്റ്റോളന്‍ബര്‍ഗ് അറിയിച്ചു.

അതിനിടെ, നാറ്റോ അംഗത്വത്തിനായി ശ്രമിക്കില്ലെന്നും നിഷ്‍പക്ഷ നിലപാട് തുടരുമെന്നും ഓസ്‍ട്രിയന്‍ വിദേശകാര്യ മന്ത്രി അലെക്സാണ്ടര്‍ സ്കാലന്‍ബര്‍ഗ് അറിയിച്ചു. നിഷ്‍‍പക്ഷ പദവിക്ക് ശക്തമായ പൊതുജന പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉക്രെയ്‍ന് മാനുഷിക പിന്തുണ നല്‍കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി കുറയ്ക്കുന്നതിനുള്ള അടിയന്തര പദ്ധതി ഓസ്ട്രിയ ബുധനാഴ്ച അവതരിപ്പിച്ചു. ഓസ്‍‍ട്രിയയുടെ പ്രകൃതിവാതക ഇറക്കുമതിയുടെ 80 ശതമാനവും റഷ്യയില്‍ നിന്നാണുള്ളത്.

Eng­lish summary;Sweden and Fin­land sub­mit NATO mem­ber­ship application

you may also like this video;

YouTube video player
Exit mobile version