Site iconSite icon Janayugom Online

സാള്‍ട്ട് കലര്‍ന്ന മധുരജയം; രാജസ്ഥാനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ആര്‍സിബി

രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്ത് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. ഒമ്പത് വിക്കറ്റിന്റെ ആധികാരിക ജയമാണ് ബംഗളൂരു സ്വന്തമാക്കിയത്. ഐപിഎല്ലില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 17.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ബംഗളൂരു ലക്ഷ്യത്തിലെത്തി. ഈ സീസണില്‍ ആറ് മത്സരങ്ങളില്‍ നിന്നും നാലാം ജയമാണ്. എട്ട് പോയിന്റുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും ബംഗളൂരുവിനായി. വെടിക്കെട്ട് തുടക്കമാണ് ബംഗളൂര്‍ ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും വിരാട് കോലിയും നല്‍കിയത്. ഇതില്‍ സാള്‍ട്ടായിരുന്നു അപകടകാരി. 8.2 ഓവറില്‍ 92 റണ്‍സില്‍ നില്‍ക്കെ സാള്‍ട്ടാണ് ആദ്യം പുറത്തായത്. 33 പന്തില്‍ ആറ് സിക്സും അഞ്ച് ഫോറുമുള്‍പ്പെടെ 65 റണ്‍സ് സാള്‍ട്ട് നേടി. പിന്നീടെത്തിയ ദേവ്ദത്ത് പടിക്കല്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ വിരാട് കോലി ബാറ്റിങ് നിയന്ത്രണമേറ്റെടുത്തു. അധികം വൈകാതെ അര്‍ധസെഞ്ചുറി കുറിച്ച കോലി മറ്റൊരു റെക്കോഡ് കൂടി കുറിച്ചു. ടി20 കരിയറില്‍ 100 അര്‍ധസെഞ്ചുറികള്‍ കോലി സ്വന്തമാക്കി. എന്നാല്‍ സ്കോര്‍ 150 കടന്നതോടെ പടിക്കലും ആക്രമണം ബാറ്റിങ് ആരംഭിച്ചു. 16-ാം ഓവര്‍ എറിയാനെത്തിയ ദേശ്പാണ്ഡയുടെ ഓവറില്‍ 15 റണ്‍സാണ് പടിക്കല്‍ അടിച്ചെടുത്തത്. 45 പന്തില്‍ 62 റണ്‍സോടെ വിരാട് കോലിയും 28 പന്തില്‍ 40 റണ്‍സോടെ ദേവ്ദത്ത് പടി­ക്കലും പുറത്താകാതെ ടീമിനെ ലക്ഷ്യ­ത്തി­ലെ­ത്തിച്ചു. രാജസ്ഥനായി കുമാര്‍ കാര്‍ത്തികേയ ഒരു വിക്കറ്റ് നേടി.

ഓപ്പണറായ യശസ്വി ജയ്സ്വാള്‍ ഒഴികെ മറ്റു രാജസ്ഥാന്‍ ബാറ്റര്‍മാര്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടി. 47 പന്തില്‍നിന്ന് രണ്ട് സിക്‌സും 10 ഫോറുമടക്കം 75 റണ്‍സെടുത്ത ജയ്‌സ്വാളാണ് ടീമിന്റെ ടോപ് സ്‌കോറര്‍. മികച്ച തുടക്കം ലഭിച്ചിട്ടും മറ്റുള്ളവര്‍ക്ക് അതിവേഗം റണ്‍സുയര്‍ത്താനാകാതിരുന്നതോടെയാണ് രാജസ്ഥാന്‍ 173 റണ്‍സിലൊതുങ്ങിയത്. ഓപ്പണിങ് വിക്കറ്റില്‍ 19 പന്തില്‍നിന്ന് 15 റണ്‍സെടുത്ത സഞ്ജു പതറിയപ്പോള്‍ ജയ്‌സ്വാളാണ് പവര്‍പ്ലേയില്‍ റണ്‍സടിച്ചത്. ഒരു ബൗണ്ടറി മാത്രമായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. റണ്‍സുയര്‍ത്തുന്നതില്‍ സമ്മർദത്തിലായ സഞ്ജു, ക്രുനാൽ പാണ്ഡ്യയെ ക്രീസ് വിട്ടിറങ്ങി സിക്സര്‍ പറത്താനുള്ള ശ്രമത്തിൽ സ്റ്റംപിങ്ങിലൂടെയാണ് പുറത്തായത്. പതിവ് താളത്തിലേക്ക് എത്തിയില്ലെങ്കിലും, റിയാൻ പരാഗ് 22 പന്തിൽ മൂന്നു ഫോറുകളും ഒരു സിക്സും സഹിതം 30 റൺസെടുത്തു. രണ്ടാം വിക്കറ്റില്‍ റിയാന്‍ പരാഗിനൊപ്പം ജയ്‌സ്വാള്‍ 56 റണ്‍സ് ചേര്‍ത്തു. ഇതിനിടെ അര്‍ധസെഞ്ചുറി നേടിയ ശേഷം സ്കോറിങ്ങിന് വേഗം കൂട്ടിയ ജയ്സ്വാളിനെ ഹെയ്സല്‍വുഡ് എല്‍ബിഡബ്ല്യുവില്‍ കുരുക്കി. 47 പന്തില്‍ 75 റണ്‍സാണ് ജയ്സ്വാളിന്റെ സമ്പാദ്യം. 23 പന്തില്‍ 35 റണ്‍സെടുത്ത ദ്രുവ് ജൂറലാണ് രാജസ്ഥാനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. ഷിമ്രോണ്‍ ഹെറ്റ്മെയര്‍ ഒമ്പത് റണ്‍സ് നേടി പുറത്തായി. നിതിഷ് റാണ (നാല്) പുറത്താകാതെ നിന്നു. ബംഗളൂരുവിനായി നിരയിൽ ക്രുനാൽ പാണ്ഡ്യ നാല് ഓവറിൽ 29 റൺസും ജോഷ് ഹെയ്സൽവുഡ് മൂന്നോവറിൽ 26 റൺസും യഷ് ദയാൽ നാല് ഓവറിൽ 36 റൺസും ഭുവനേശ്വർ കുമാർ നാലോവറിൽ 32 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

Exit mobile version