Site iconSite icon Janayugom Online

സ്വിസ് കള്ളപ്പണത്തിന് കണക്കില്ല: കൈമലര്‍ത്തി കേന്ദ്രം

ഇന്ത്യക്കാരായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വിസ് ബാങ്കുകളിലെ നിക്ഷേപത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ലോക്‌സഭയിലെ ഒരു ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
2020നെ അപേക്ഷിച്ച് 2021ല്‍ സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ വര്‍ധനവുണ്ടായതായുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടേതെന്ന് പറയപ്പെടുന്ന കള്ളപ്പണത്തിന്റെ അളവ് ഈ നിക്ഷേപങ്ങൾ സൂചിപ്പിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
സ്വിസ് നാഷണൽ ബാങ്കിന്റെ (എസ്എൻബി) വാർഷിക റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇന്ത്യന്‍ പൗരന്മാര്‍ സ്വിറ്റ്സർലൻഡിൽ സൂക്ഷിച്ചിരിക്കുന്ന നിക്ഷേപങ്ങൾ വിശകലനം ചെയ്യാൻ ഉപയോഗിക്കരുതെന്ന് സ്വിസ് അധികൃതർ അറിയിച്ചതായി മന്ത്രി പറഞ്ഞു.
സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ 2021ല്‍ 10,000 കോടിയിലധികം വര്‍ധനവുണ്ടായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് നിക്ഷേപത്തില്‍ ഭീമമായ വര്‍ധനവ് രേഖപ്പെടുത്തുന്നത്. 2020 അവസാനത്തില്‍ ഇന്ത്യന്‍ ഇടപാടുകാരുടെ മൊത്തം നിക്ഷേപം 20,700 കോടി (2.55 ബില്യണ്‍ സ്വിസ് ഫ്രാങ്ക്സ്) ആയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷമിത് 30,500 കോടി (3.83 ബില്യണ്‍ സ്വിസ് ഫ്രാങ്ക്) യായി ഉയര്‍ന്നു.
കടപ്പത്രങ്ങള്‍, നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയായി സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം 14 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയെന്നാണ് എസ്എൻബിയുടെ വാര്‍ഷിക കണക്കുകള്‍ വ്യക്തമാക്കുന്നത്. 

Eng­lish Sum­ma­ry: Swiss black mon­ey: Cen­ter says no figures

You may like this video also

Exit mobile version