Site iconSite icon Janayugom Online

സിഡ്നി വെടിവയ്പ്പ്; ഭീകരാക്രമണത്തിന് പിന്നിൽ അച്ഛനും മകനും; മരണ സംഖ്യ 15 ആയി

ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള ബോണ്ടി ബീച്ചിൽ ആൾക്കൂട്ടത്തിനു നേരെ വെടി വച്ചത് അച്ഛനും മകനുമാണെന്ന് പൊലീസ്. ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. പരിക്കേറ്റവരുടെ എണ്ണം 40 ആയി. സംഭവം തീവ്രവാദ ആക്രമണമാണെന്നു പൊലീസ് വ്യക്തമാക്കി. ജൂത ഫെസ്റ്റിവലായ ഹനൂക്കയുടെ ആദ്യ ദിനത്തിലാണ് വെടി വയ്പ്പുണ്ടായത്. ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്ക് 2.17 ഓടെയാണ് സംഭവം.

പാകിസ്ഥാൻ വംശജരായ 50 കാരനായ സാജിദ് അക്രം ഇയാളുടെ മകൻ നവീദ് അക്രം എന്ന 24കാരനുമാണ് അക്രമികൾ. ഇതിൽ 50കാരനെ ആക്രമണത്തിനു പിന്നാലെ പൊലീസ് വെടിവച്ചു കൊന്നു. നവീദ് സാരമായ പരിക്കുകളോടെ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഓസ്ട്രേലിയയിലെ ജൂത വിഭാ​ഗത്തേയാണ് അക്രമികൾ ലക്ഷ്യമിട്ടതെന്നു റിപ്പോർട്ടുകളുണ്ട്. ഇരുവരും മാത്രമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

അക്രമികളെക്കുറിച്ചും ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ചുമുള്ള പ്രധാന വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് കമ്മീഷണർ മാൽ ലാൻയോൺ പറഞ്ഞു. സംഭവ സ്ഥലത്തിന് സമീപം രണ്ട് സജീവമായ ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കൾ പൊലീസ് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി പടിഞ്ഞാറൻ സിഡ്‌നി പ്രാന്തപ്രദേശങ്ങളായ ബോണിറിഗിലെയും ക്യാംപ്സിയിലെയും ഇവരുടെ താമസ സ്ഥലത്ത് സെർച്ച് വാറണ്ടുകൾ പുറപ്പെടുവിച്ചു.
മരിച്ച 50 വയസുകാരൻ ലൈസൻസുള്ള തോക്ക് ഉടമയാണെന്നും അദ്ദേഹത്തിന്റെ പേരിൽ ആറ് തോക്കുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു. ബോണ്ടി ബീച്ചിലെ ആക്രമണത്തിന് ആറ് തോക്കുകളും ഉപയോഗിച്ചിട്ടുണ്ടെന്നാണ് നി​ഗമനം. പൊലീസ് സമ​ഗ്രാന്വേഷണം തുടരുന്നു.

Exit mobile version