Site iconSite icon Janayugom Online

നാഗ്പൂര്‍ സര്‍വകലാശാലയിലും സിലബസ് വെട്ടിനിരത്തല്‍

എന്‍സിഇആര്‍ടി സിലബസില്‍ നിന്ന് ഗാന്ധി വധം, മുഗള്‍ സാമ്രാജ്യം, ഗുജറാത്ത് കലാപം എന്നിവ ഒഴിവാക്കിയ മാതൃക പിന്തുടര്‍ന്ന് നാഗ്പൂര്‍ സര്‍വകലാശാലയും. എംഎ ചരിത്ര പാഠപുസ്തകത്തില്‍ നിന്ന് സിപിഐ ചരിത്രവും ദ്രാവിഡ മുന്നേറ്റ കഴകം ചരിത്രവും(ഡിഎംകെ) തമസ്കരിക്കുകയും പകരം രാംജന്മഭൂമി ചരിത്രം സിലബസില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 

കഴിഞ്ഞ വര്‍ഷത്തെ സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്ന ജനസംഘം-റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചരിത്രം നിലനിര്‍ത്തിയ സര്‍വകലാശാലാ അധികൃതര്‍ ബിജെപി അനുകൂല എഐഎഡിഎംകെ ചരിത്രം പുതിയതായി ഉള്‍പ്പെടുത്തി. ഇന്ത്യന്‍ ബഹുജന മുന്നേറ്റം (ഇന്ത്യന്‍ മാസ് മുവ്മെന്റസ് ഫ്രം 1980–2000) പാഠഭാഗത്തില്‍ നിന്നാണ് സിപിഐ, ഡിഎംകെ ചരിത്രം വെട്ടിമാറ്റി പകരം സംഘ്പരിവാര്‍ അനുകൂല സംഘടനകളുടെ ചരിത്രം തിരുകിക്കയറ്റിയത്. കൂടാതെ ഖാലിസ്ഥാന്‍ പ്രസ്ഥാനത്തെക്കുറിച്ചുള്ള ഭാഗവും അധികൃതര്‍ വെട്ടിമാറ്റിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സര്‍വകലാശാലയുടെ ചരിത്ര വിഭാഗം ബോര്‍ഡ് ഓഫ് സ്റ്റഡീസ് ആണ് സിപിഐ, ഡിഎംകെ ചരിത്രം വെട്ടിമാറ്റുന്നതിന് ചൂക്കാന്‍ പിടിച്ചത്. പാഠഭാഗം ഒഴിവാക്കിയ നടപടിയെ ന്യായീകരിച്ച് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ ശ്യം കോരട്ടി രംഗത്ത് വന്നു. ദേശീയ പാര്‍ട്ടി പദവി നഷ്ടമായ സാഹചര്യത്തിലാണ് സിപിഐയെ ഒഴിവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. സര്‍വകലാശാല നടപടിയെ നിയമസഭാ പ്രതിപക്ഷ നേതാവ് വിജയ് വഡേറ്റിവാര്‍ വിമര്‍ശിച്ചു. ബിജെപി തത്വശാസ്ത്രം സര്‍വകലാശാലകളില്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ആര്‍എസ്എസ് സ്ഥാപിച്ച ബിജെപിയില്‍ നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Syl­labus cut in Nag­pur Uni­ver­si­ty too

You may also like this video

Exit mobile version