Site iconSite icon Janayugom Online

പാഠ്യ പദ്ധതി ചട്ടക്കൂട്: വിവാദ വിഷയങ്ങൾ പൂർണമായും ഒഴിവാക്കണമെന്ന് മുസ്ലിം നേതൃസമിതി യോഗം

പാഠ്യ പദ്ധതി ചട്ടക്കൂടിൽനിന്ന് വിവാദ വിഷയങ്ങൾ പൂർണമായും ഒഴിവാക്കണമെന്ന് കോഴിക്കോട് ചേർന്ന മുസ്ലിം നേതൃസമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ചട്ടക്കൂടിലെ ജെന്റർ സാമൂഹ്യ നിർമ്മിതിയാണെന്ന പദം നീക്കം ചെയ്യണം. ധാർമിക മൂല്യങ്ങൾ തകർക്കുന്ന ഭാഗങ്ങളും മതനിരാസ ചിന്താഗതികളും പൂർണമായും ഒഴിവാക്കണം. വിവാദ വിഷയങ്ങൾ ചട്ടക്കൂടിൽനിന്ന് നീക്കം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും നടപ്പായിട്ടില്ല. 

രാജ്യത്തിന്റെ വൈവിധ്യങ്ങളെ തകർക്കുകയും ഭരണഘടന പൗരന് നൽകുന്ന അവകാശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്ന ഏകസിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണം. സംവരണത്തിന്റെ അടിസ്ഥാനം സാമൂഹ്യനീതിയാണ്. 103-ാം ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം അനുവദിച്ചത് വഴി പിന്നോക്ക വിഭാഗങ്ങളുടെ ന്യായമായ അവകാശങ്ങൾ ഇല്ലാതാവുകയാണ്. 103-ാം ഭേദഗതി പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏറ്റവും വലിയ പ്രക്ഷോഭം രാജ്യത്ത് നടന്നതാണ്. ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചാണ് 11 സംസ്ഥാനങ്ങളോട് പൗരത്വ നിയമം നടപ്പാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് രാജ്യതാൽപര്യത്തിന് എതിരാണ്. പൗരത്വനിയമം നടപ്പാക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണം. ഇല്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് രാജ്യം വീണ്ടും സാക്ഷിയാകുമെന്നും യോഗം വ്യക്തമാക്കി. 

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം, ഇ ടി മുഹമ്മദ് ബഷീർ എംപി, പി വി അബ്ദുൽ വഹാബ് എംപി, ഡോ. എം പി അബ്ദുസ്സമദ് സമദാനി എംപി എന്നിവർ സംസാരിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, കടക്കൽ അബ്ദുൽ അസീസ് മൗലവി, മുസ്തഫ മുണ്ടുപാറ, സി പി ഉമർ സുല്ലമി, അബ്ദുൽ ലത്തീഫ് കരുമ്പുലാക്കാൽ, എം ഐ അബ്ദുൽ അസീസ്, പി എൻ അബ്ദുൽ ലത്തീഫ് മദനി, ഇ പി അഷ്റഫ് ബാഖവി, ടി കെ അഷ്റഫ്, പി ഉണ്ണീൻ, എഞ്ചിനീയർ പി മമ്മദ് കോയ, ശിഹാബ് പൂക്കോട്ടൂർ എന്നിവര്‍ ചർച്ചയിൽ പങ്കെടുത്തു. 

കേരള നദ്വത്തുൽ മുജാഹിദീൻ (കെഎന്‍എം) വിട്ടുനിന്നപ്പോള്‍ മുസ്ലിം ലീഗ്, സമസ്ത, ജമാഅത്തെ ഇസ്‌ലാമി, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ, വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ, മർകസുദ്ദഅവ, സംസ്ഥാന ജംഇയ്യതുൽ ഉലമ, എംഎസ്എസ് എന്നീ സംഘടനകളുടെ ഭാരവാഹികളാണ് യോഗത്തില്‍ പങ്കെടുത്തത്.

Eng­lish Summary;Syllabus frame­work: Mus­lim lead­ers meet­ing to avoid con­tro­ver­sial top­ics completely
You may also like this video

Exit mobile version