Site iconSite icon Janayugom Online

സിറിയൻ വൈദ്യുതി പ്രതിസന്ധി; സൗദി അറേബ്യ 16.5 ലക്ഷം ബാരൽ ക്രൂഡോയിൽ നൽകും

സൗദി അറേബ്യ സിറിയക്ക് 16.5 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ സഹായമായി നൽകും. വൈദ്യുതി മുടക്കം ഉൾപ്പെടെ അനുഭവിക്കുന്ന സിറിയയുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടാണ് ഈ നീക്കം. ഇത് സിറിയയുടെ എണ്ണ ശുദ്ധീകരണശാലകളുടെ (റിഫൈനറികൾ) പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. 14 വർഷം നീണ്ട ആഭ്യന്തര സംഘർഷങ്ങൾക്ക് ശേഷം മുൻ പ്രസിഡന്റ് ബശ്ശാറുൽ അസദിനെ പുറത്താക്കിയിരുന്നു. പിന്നീട് അധികാരത്തിൽ വന്ന അഹ്‌മദ് അൽ-ഷറാ ഭരണകൂടത്തിന് ആവശ്യമായ പിന്തുണ നൽകുകയാണ് സൗദി അറേബ്യ. നേരത്തെയും സഹായങ്ങൾ നൽകിയിട്ടുള്ള സൗദി, ഇപ്പോൾ സൗദി ഫണ്ട് ഫോർ ഡെവലപ്‌മെന്റ് വഴിയാണ് ഈ വലിയ സഹായം അനുവദിച്ചിരിക്കുന്നത്.

കണക്കുകൾ പ്രകാരം 14 വർഷത്തെ ആഭ്യന്തരയുദ്ധത്തിൽ അഞ്ച് ലക്ഷത്തിലധികം ആളുകളാണ് സിറിയയിൽ കൊല്ലപ്പെട്ടത്. യുഎസ്, ഇസ്രായേൽ തുടങ്ങിയ വിദേശ രാജ്യങ്ങളും ഈ വിഷയത്തിൽ നേരിട്ടും അല്ലാതെയും ഇടപെട്ടിരുന്നു. അസദ് ഭരണത്തിന് മുൻപ് എണ്ണ കയറ്റുമതിയിൽ മുൻപന്തിയിലായിരുന്ന സിറിയ ഇപ്പോൾ കടുത്ത ഊർജ പ്രതിസന്ധിയിലാണ്. സൗദിയുടെ ഈ പുതിയ സഹായം സിറിയയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Exit mobile version