Site icon Janayugom Online

അധ്യാപകന്റെ കൈവെട്ടിയ കേസ്; സവാദിനെ കുരുക്കിയത് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്

അധ്യാപകൻ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിനെ പിടികൂടാൻ കഴിഞ്ഞത് ഇളയ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്. ഷാജഹാൻ എന്നപേരിലാണ് സവാദ് അറിയപ്പെട്ടിരുന്നതെങ്കിലും ഒമ്പതുമാസംമുമ്പ് ജനിച്ച കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ സവാദ് എന്നപേരാണ് ചേർത്തിരുന്നത്. ആധാർകാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽകാർഡ് എന്നിവയിലുംസവാദ് എന്നാണ് ചേർത്തിരുന്നത്. ഇവ വീട്ടിൽനിന്ന് എൻഐഎ സംഘം പിടിച്ചെടുത്തു. ഇതിന് പുറമെ സവാദിന്‍റെ ശരീരത്തിലെ മുറിപ്പാടുകളും നിര്‍ണായകമായി.

ഷർട്ടുമാറ്റി പുറത്തെ ഈ പാട് കണ്ടെത്തിയ ഉദ്യോഗസ്ഥർ ഇത് എങ്ങനെയുണ്ടായതാണെന്ന് ചോദിച്ചു. മുള്ളുകൊണ്ടതാണെന്ന് മറുപടി പറഞ്ഞു. ചോദ്യംചെയ്യൽ കടുപ്പിച്ചതോടെ താൻ സവാദാണെന്ന് സമ്മതിക്കുകയായിരുന്നു.

അതേസമയം സവാദിന് കണ്ണൂരില്‍ താമസിക്കാന്‍ സഹായിച്ചവരെ എന്‍ഐഎ തിരയുന്നു. വളപട്ടണം, വിളക്കോട്ടൂര്‍, ബേരം എന്നിവിടങ്ങളില്‍ താമസസൗകര്യം ഒരുക്കിയവരെയാണ് ദേശീയ അന്വേഷണ ഏജന്‍സി തിരയുന്നത്.

എട്ടുവർഷം മുൻപ് കാസർകോട് നിന്ന് ഒരു എസ്ഡിപിഐ നേതാവിന്റെ മകളെ സവാദ് വിവാഹം കഴിക്കുകയായിരുന്നു. വിവാഹത്തിൽ പള്ളിയിൽ നൽകിയ പേര് ഷാനവാസ് എന്നായിരുന്നു. വിവാഹ ശേഷം പുറത്തേക്ക് പോകാതെ കേരളത്തിൽ തന്നെ തങ്ങി.

റിയാസ് എന്നയാളാണ് സവാദിന് ജോലി തരപ്പെടുത്തിക്കൊടുത്തത്. മരപ്പണിക്കായി കോൺട്രാക്ട് ചെയ്ത് കൊടുത്തിരുന്നു. റിയാസ് എസ്ഡിപിഐക്കാരാനാണ്. സവാദ് ജോലി ചെയ്തിരുന്നത് എസ്ഡിപിഐക്കാർക്കൊപ്പമായിരുന്നു. എന്നാൽ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിന് ശേഷം സവാദ് എവിടെയായിരുന്നു എന്നകാര്യത്തിൽ വ്യക്തതയില്ല. കണ്ണൂർ മട്ടന്നൂരിലെ ബേരം എന്ന സ്ഥലത്ത് നിന്നാണ് എൻഐഎ സവാദിനെ പിടികൂടിയത്.

Eng­lish Sum­ma­ry: T J Joseph Hand Chop­ping Case
You may also like this video

Exit mobile version