Site iconSite icon Janayugom Online

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ അന്തരിച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍(78) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ കോഴിക്കോട് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 40 വര്‍ഷമായി സംഘടനയെ നയിച്ച നേതാവായിരുന്നു അദ്ദേഹം. ആദരസൂചകമായി സംസ്ഥാനത്ത് നാളെ കടകള്‍ അടയ്ക്കുമെന്ന് വ്യാപാരി ഏകോപന സമിതി അറിയിച്ചു.

വ്യാഴ്ച രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. 1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു.ഭാരത് വ്യാപാരസമിതി അംഗം, വാറ്റ് ഇംപലിമെൻറേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമ നിധി വൈസ് ചെയർമാൻ, കേരള മർക്കൻറയിൽ ബാങ്ക് ചെയർമാൻ, ഷോപ് ആൻറ് കോമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെൻറ് ക്ഷേമ നിധി ബോർഡ് മെമ്പർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

1944 ഡിസംബർ 25 ന് കോഴിക്കോട് കൂടാരപ്പുരയിൽ ടി.കെ. മുഹമ്മദിൻറെയും അസ്മാബിയുടെയും ആറാമത്തൈ മകനായാണ് ജനനം. ഹിദായത്തുൽ ഇസ്‌ലാം എൽപി സ്‌കൂൾ, മലബാർ ക്രിസ്ത്യൻ കോളജ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പഠനം കഴിഞ്ഞ് വ്യാപാര മേഖലയിലേക്ക് കടന്നു. മിഠായിത്തെരുവിലെ ബ്യൂട്ടി സ്‌റ്റോഴ്‌സ് ഉടമയായിരുന്നു അദ്ദേഹം. 1980ൽ മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് ജനറൽ സെക്രട്ടറിയായാണ് സംഘടന പ്രവർത്തനം ആരംഭിച്ചത്. 1984ൽ വ്യവസായി ഏകോപന സമിതിയുടെ ജില്ല പ്രസിഡൻറ് ആയി. തുടര്‍ന്ന് 1985ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി.

Eng­lish Summary:T Nasarud­heen passed away
You may also like this video

Exit mobile version