ടി20 ക്രിക്കറ്റ് പരമ്പര കൈക്കലാക്കിയ ഇന്ത്യ ഇംഗ്ലണ്ടിനെതിരായ അവസാന പോരാട്ടത്തിന് ഇന്നിറങ്ങും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. അഞ്ച് മത്സര പരമ്പരയില്‍ 3–1ന് ഇന്ത്യ പരമ്പര കൈക്കലാക്കി കഴിഞ്ഞു. എന്നാല്‍ അവസാന മത്സരത്തില്‍ വിജയം നേടാനുറച്ചാകും ഇംഗ്ലണ്ട് കളത്തിലിറങ്ങുക. മലയാളി താരം സഞ്ജു സാംസണ്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവര്‍ തിളങ്ങാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്. നാലാം ടി20യില്‍ മുന്‍നിര തകര്‍ന്നപ്പോള്‍ രക്ഷയായത് ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യയുടെയും ശിവം ദുബെയുടെയും അര്‍ധസെഞ്ചുറി മികവാണ്.
ഓപ്പണറായ അഭിഷേക് ശര്‍മ്മ ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ തിലക് വര്‍മ്മയ്ക്ക് കഴിഞ്ഞ മത്സരത്തില്‍ റണ്ണൊന്നുമെടുക്കാനായില്ല. ബൗളിങ്ങില്‍ കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായെത്തിയ ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റുകളുമായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അതേസമയം ഇതിനോടകം പരമ്പര കൈവിട്ട ഇംഗ്ലണ്ട് ടീമില്‍ അവസാന മത്സരത്തില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. പരമ്പര നഷ്ടമാക്കിയതിന്റെ നിരാശമാറ്റാന്‍ അവസാന മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്താനുള്ള പദ്ധതിയുമായാകും ജോസ് ബട്ലറും സംഘവുമെത്തുക.

