Site iconSite icon Janayugom Online

അഫ്ഗാനെ കിവീസ് റാഞ്ചി

ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ അഫ്ഗാനിസ്ഥാന്റെ വെല്ലുവിളി മറികടന്ന് ന്യൂസിലാൻഡിന് തകര്‍പ്പന്‍ ജയം. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് കിവികൾ ജയിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം 17.5 ഓവറിൽ ന്യൂസിലാൻഡ് മറികടന്നു. ടിം സീഫെർട്ട് (42 പന്തിൽ 65), ഗ്ലെൻ ഫിലിപ്‌സ് (25 പന്തിൽ 42) എന്നിവരാണ് ന്യൂസിലാന്‍ഡിന്റെ പ്രധാന സ്കോറര്‍മാര്‍.

ന്യൂസിലാൻഡിനെ തുടക്കത്തിൽ തന്നെ ഞെ­ട്ടിക്കാൻ അഫ്ഗാൻ സ്പിന്നർ മുജീബ് റഹ്മാന് സാധിച്ചു. രണ്ടാം ഓവറിൽ ഫിൻ അലനെയും (1), രചിൻ രവീന്ദ്രയെയും (0) അടുത്തടുത്ത പന്തുകളിൽ പുറത്താക്കി മുജീബ് കിവീസിനെ പ്രതിരോധത്തിലാക്കി. എന്നാൽ പിന്നീട് ഒന്നിച്ച ടിം സീഫെർട്ട് — ഗ്ലെൻ ഫിലിപ്‌സ് സഖ്യം കളി കിവീസിന്റെ കൈപ്പിടിയിലൊതുക്കി. 74 റൺസാണ് ഈ സഖ്യം കൂട്ടിച്ചേർത്തത്. 10-ാം ഓവറിൽ ഫിലിപ്‌സിനെ പുറത്താക്കി റാഷിദ് ഖാൻ കൂട്ടുകെട്ട് പൊളിച്ചെങ്കിലും, മാർക്ക് ചാപ്മാനും (28) ഡാരിൽ മിച്ചലും (പുറത്താവാതെ 25) ടീമിനെ ലക്ഷ്യത്തിലേക്ക് നയിച്ചു. അവസാന നിമിഷം മിച്ചൽ സാന്റ്നർ (17*) നടത്തിയ വെടിക്കെട്ട് ബാറ്റിങ് 13 പന്തുകൾ ബാക്കി നിൽക്കെ ന്യൂസിലാൻഡിന് ആദ്യ വിജയം സമ്മാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ മികച്ച സ്കോറിലെത്തിച്ചത് ഗുൽബാദിൻ നെയ്ബിന്റെ അർധ സെഞ്ചുറിയാണ്. ഗുൽബാദിൻ നെയ്ബ് 35 പന്തിൽ 63 റണ്‍സെടുത്തു. സെദിഖുള്ള അടൽ (29), റഹ്മാനുള്ള ഗുർബാസ് (27) എന്നിവർ നൽകിയ മികച്ച തുടക്കം മുതലെടുക്കാൻ നെയ്ബിന് സാധിച്ചു. ന്യൂസിലാൻഡിനായി ലോക്കി ഫെർഗൂസൺ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

Exit mobile version