Site iconSite icon Janayugom Online

ടി20 ലോകകപ്പ്; കരുതലോടെ ഇന്ത്യ രണ്ടാം അങ്കത്തിന്

ടി20 ലോകകപ്പില്‍ ഇന്ത്യ രണ്ടാം അങ്കത്തിനായി ഇന്നിറങ്ങും. നെതര്‍ലന്‍ഡ്സാണ് എതിരാളി. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരം ഉച്ചയ്ക്ക് 12.30ന് നടക്കും. പാകിസ്ഥാനെതിരായ ആവേശം നിറഞ്ഞ മത്സരത്തില്‍ വിജയിച്ചാണ് ഇന്ത്യയെത്തുന്നത്. ആദ്യം തന്നെ സമ്മര്‍ദ്ദം നിറഞ്ഞ മത്സരത്തില്‍ വിജയിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ നെതര്‍ലന്‍ഡ്സിനെ നേരിടാനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റാണ് നെതര്‍ലന്‍ഡ്‌സ് വരുന്നത്. എന്നാല്‍, പ്രാഥമിക റൗണ്ടില്‍ ശ്രീലങ്കയെ തകര്‍ക്കാന്‍ നെതര്‍ലന്‍ഡ്‌സിനായിരുന്നു. ഇത്തവണത്തെ ടി20 ലോകകപ്പില്‍ വമ്പന്‍ അട്ടിമറികളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ വിലകുറച്ച് കാണാന്‍ ഇന്ത്യന്‍ ടീം തയാറാവില്ല. 2009ലെ ലോകകപ്പില്‍ കരുത്തരായ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് അവര്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. എന്നാല്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് വിശ്രമം അനുവദിക്കുമെന്നാണ് ടീം ക്യാമ്പില്‍ നിന്നുള്ള സൂചന.

ബാറ്റ് ചെയ്യുന്നതിനൊപ്പം നാല് ഓവറില്‍ എറിയേണ്ടിയും വരുന്നതുകൊണ്ടാണ് ഹാര്‍ദിക്കിന് വിശ്രമം നല്‍കാന്‍ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. പാകിസ്ഥാനെതിരെ വിരാട് കോലിയുടെ മാസ്മരിക ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത്. കോലി ഫോം വീണ്ടെടുത്തതോടെ ശക്തമായ മധ്യനിരയാണ് ഇന്ത്യക്കുള്ളത്. കെ എല്‍ രാഹുലിന്റെയും രോഹിത് ശര്‍മയുടെയും ഓപ്പണിങ് മികച്ചതായാല്‍ ഇന്ത്യക്ക് ഭയക്കാനായി പിന്നെ ഒന്നുമില്ല. അതേസമയം, ഒരു പേസറെ കൂടി ഉള്‍പ്പെടുത്താനും ഇന്ത്യ ശ്രമിക്കും. പാകിസ്ഥാനെതിരായ മത്സരത്തില്‍ നിരാശമാത്രം സമ്മാനിച്ച അക്‌സര്‍ പട്ടേലിനെ ഒഴിവാക്കിയേക്കും. ഒരോവറാണ് അക്സര്‍ കളിയില്‍ ബൗള്‍ ചെയ്തത്. ഈ ഓവറില്‍ മൂന്നു സിക്സറുകളടക്കം 21 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. ബാറ്റിങ്ങില്‍ ടീമിലെ ഏക ഇടംകൈയന്‍ ബാറ്ററായതിനാല്‍ അഞ്ചാമനായി അക്സറിനെ ഇന്ത്യ പരീക്ഷിച്ചിരുന്നു. പക്ഷെ രണ്ടു റണ്‍സ് മാത്രമെടുത്ത് താരം റണ്ണൗട്ടൗയി.

Eng­lish sum­ma­ry; T20 World Cup; India with caution

You may also like this video;

Exit mobile version