ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചതോടെ ടി20 ലോകകപ്പ് സെമിഫൈനല്‍ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. യുഎഇ പിച്ചിന്റെ അനുഭവസമ്പത്ത് മുതലാക്കി മികച്ച പ്രകടനം പുറത്തെടുത്ത പാകിസ്ഥാന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് സെമിഫൈനല്‍ പോരാട്ടത്തിനൊരുങ്ങുന്നത്. വമ്പന്‍ താരനിരയുമായി വരുന്ന ഓസ്ട്രേലിയയാണ് ഇന്ന് നടക്കുന്ന രണ്ടാം സെമി പോരാട്ടത്തില്‍ പാകിസ്ഥാനെ നേരിടുന്നത്. ദുബായില്‍ വച്ച് രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ ആരാകും രണ്ടാം ഫൈനലിസ്റ്റെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യയെ തോല്‍പ്പിച്ചായിരുന്നു പാകിസ്ഥാന്റെ തുടക്കം. പിന്നീടങ്ങോട്ട് എല്ലാ മത്സരങ്ങളിലും വിജയിച്ചതോടെ പാകിസ്ഥാന്‍ കിരീടസാധ്യത കല്‍പ്പിക്കുന്ന ടീമുകളില്‍ ഒന്നായി മാറി. അഞ്ചില്‍ അഞ്ചും വിജയിച്ച പാകിസ്ഥാന്‍ നിര ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ കരുത്തരാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചു. ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും ഓപ്പണിങ്ങില്‍ ഇറങ്ങുമ്പോള്‍ മുഹമ്മദ് ഹഫീസ്, ഷൊഐബ് മാലിക്ക് എന്നിവരൊക്കെ മധ്യനിരയില്‍ കരുത്തുറ്റ പ്രകടനം തന്നെ കാഴ്ചവച്ചു. ഹസന്‍ അലിയും പേസ് നിരയില്‍ ഭേദപ്പെട്ട് നില്‍ക്കുന്നു. മുഹമ്മദ് ഹഫീസിന്റെ പാര്‍ട് ടൈം സ്പിന്നും ഇമാദ് വാസിമിന്റെയും ഷദാബ് ഖാന്റെയും സ്പിന്നും ഓസ്‌ട്രേലിയയെ പ്രയാസപ്പെടുത്തും.
ഷഹീന്‍ അഫ്രീദി എന്ന യുവതാരമാണ് ബൗളിങ്ങില്‍ പാകിസ്ഥാന്റെ തുറുപ്പ് ചീട്ട്. ടീമെന്ന നിലയിലേക്കാളേറെ ചില താരങ്ങളെ ആശ്രയിച്ചാണ് പാകിസ്ഥാന്റെ കുതിപ്പ്. മുഹമ്മദ് റിസ്‌വാന്‍, ബാബര്‍ ആസം,ഷഹീന്‍ അഫ്രീദി എന്നിവര്‍ക്ക് തിളങ്ങാനായില്ലെങ്കില്‍ പാകിസ്ഥാന്‍ വന്‍ തകര്‍ച്ച നേരിടുന്ന അവസ്ഥയാണുള്ളത്. ഇവരെ ടീം അമിതമായി ആശ്രയിക്കുന്നു. ബാബര്‍-റിസ്‌വാന്‍ ഓപ്പണിങ് കൂട്ടുകെട്ട് തകര്‍ന്നാല്‍ പിന്നാലെയെത്തുന്നവരും സമ്മര്‍ദ്ദത്തിന് അടിമപ്പെടും.
എന്നാല്‍ ഒരു മത്സരത്തില്‍ മാത്രം തോല്‍വി നേരിട്ട ഓസ്ട്രേലിയ താരസമ്പന്നതകൊണ്ട് ഏത് ടീമിനെയും കീഴടക്കാന്‍പോന്നവരാണ്. ഐപിഎല്ലില്‍ തിളങ്ങാതിരുന്ന ഡേവിഡ് വാര്‍ണര്‍ ഉജ്ജ്വല ഫോമിലേക്ക് തിരിച്ചെത്തിയത് ഓസീസിന് കരുത്ത്പകരും. ഗ്ലെന്‍ മാക്സ്‌വെല്‍ എന്ന സൂപ്പര്‍ ഓള്‍റൗണ്ടറും മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ്, പാറ്റ് കമ്മിന്‍സ് പോലുള്ള വമ്പന്‍ ബൗളിങ് നിരയും പാകിസ്ഥാന് വമ്പന്‍വെല്ലുവിളി ഉയര്‍ത്തുമോയെന്ന് കണ്ടറിയണം.
ENGLISH SUMMARY:T20 World Cup; Pakistan-Australia second semi-final today
You may also like this video