Site icon Janayugom Online

അറേബ്യന്‍ മണ്ണില്‍ അങ്കക്കലി

ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ‑പാകിസ്ഥാന്‍ പോരാട്ടം ഇന്ന് നടക്കും. ടി20 ലോകകപ്പില്‍ ഗ്രൂപ്പ് 2ലെ മത്സരം രാത്രി 7.30ന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. രാഷ്ട്രീയത്തിലും കളിക്കളത്തിലും ബദ്ധവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഏറ്റമുട്ടുന്നത് ആവേശത്തോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഇതുവരെ ഒരു ലോകകപ്പില്‍ പോലും പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. അതിനാല്‍ തന്നെ ബാബര്‍ അസം നായകനായ പാകിസ്ഥാന്‍ ടീം വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയെ എങ്ങനെ നേരിടുമെന്ന് കണ്ടറിയണം.

ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്ഥാനായിട്ടില്ല. ഈ കണക്കുകളില്‍ ഇന്ത്യ വിശ്വാസം അര്‍പ്പിച്ചിറങ്ങുമ്പോള്‍ ബാബര്‍ അസാം നയിക്കുന്ന പാക് നിര ഇത്തവണ എളുപ്പം തോറ്റുകൊടുക്കുന്നവരല്ല. സന്നാഹ മത്സരത്തില്‍ പാകിസ്ഥാന്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയോട് പൊരുതിത്തോറ്റു. ഇന്ത്യ ഇംഗ്ലണ്ടിനേയും ഓസ്‌ട്രേലിയയേയും സന്നാഹ മത്സരത്തില്‍ തോല്‍പ്പിച്ചാണ് പാകിസ്ഥാനെതിരെ ഇറങ്ങുന്നത്.

ലോകകപ്പിലെ ഇത്തവണത്തെ ഫേവറേറ്റുകളായ ഇന്ത്യക്ക് വിജയസാധ്യത കൂടുതലാണെന്ന് തന്നെ പറയാം. എന്നാലും പാകിസ്ഥാനുമായുള്ള മത്സരം സമ്മര്‍ദ്ദത്തിന് വഴിവച്ചാല്‍ ഫലം പ്രവചനാതീതമായി മാറും. ഇന്ത്യയുടെ ബൗളിങ് നിരയും കരുത്തുറ്റതാണ്. ജസ്‌പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഷാദുല്‍ താക്കൂര്‍ എന്നിവരാണ് പേസ് നിരയിലുള്ളത്. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചഹാര്‍ എന്നിവരാണ് ഇന്ത്യയുടെ സ്പിന്‍ നിരയിലുള്ളത്.

രോഹിത് ശര്‍മ‑കെ എല്‍ രാഹുലുമായിരിക്കും ഓപ്പണിങ്ങിലെത്തുന്നത്. മൂന്നാമനായി നയകന്‍ വിരാട് കോലിയും പിന്നീട് സൂര്യകുമാര്‍ യാദവുമായിരിക്കുമിറങ്ങുക. റിഷഭ് പന്താണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. ബാബര്‍ അസാം, മുഹമ്മദ് റിസ്വാന്‍ എന്നീ യുവ സൂപ്പര്‍ താരങ്ങളിലാണ് പാകിസ്ഥന്റെ പ്രതീക്ഷകള്‍. രണ്ട് പേരുടെയും ബാറ്റിങ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാവും പാകിസ്ഥാന്റെ മുന്നേറ്റം. മാലിക്കിനും ഹഫീസിനും ബാറ്റിങില്‍ കരുത്ത് പകരാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് ടീമിനുള്ളത്.

പാകിസ്ഥാന്റെ 12 അംഗ ടീം

ടി20 ലോകകപ്പിലെ ഇന്ത്യക്കെതിരായ മത്സരത്തിനുള്ള പാകിസ്ഥാന്റെ 12 അംഗ ടീമിനെ പ്രഖ്യാപിച്ചു. വെറ്ററന്‍ താരങ്ങളായ ഷൊയ്ബ് മാലിക്, മുഹമ്മദ് ഹഫീസ് എന്നിവര്‍ ടീമില്‍ ഇടം പിടിച്ചു. മുൻ ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദിനെ ഒഴിവാക്കിയാണ് പാകിസ്ഥാൻ ഇന്ത്യയെ നേരിടാൻ ഇറങ്ങുന്നത്.
12 അംഗ പാകിസ്ഥാൻ ടീം– ബാബര്‍ അസം (ക്യാപ്റ്റൻ), ആസിഫ് അലി, ഫഖർ സമാൻ, ഹൈദർ അലി, മുഹമ്മദ് റിസ്‍വാൻ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് ഹാഫിസ്, ശദബ് ഖാൻ, ഇമാദ് വസീം, ഷൊഐബ് മാലിക്ക്, ഷഹീൻ അഫ്രീദി, ഹസൻ അലി, ഹാരിസ് റൗഫ്.

ENGLISH SUMMARY:T20 world­cup match india pakistan
You may also like this video

Exit mobile version