Site icon Janayugom Online

ടി എ മജീദ് സ്മാരക പുരസ്കാരം ഭക്ഷ്യമന്ത്രി ജി ആർ അനിലിന്

ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രിയും വർക്കലയുടെ ജനകീയ എംഎൽഎയുമായിരുന്ന ടി എ മജീദിന്റെ സ്മരണാർത്ഥം ടി എ മജീദ് സ്മാരക സൊസൈറ്റി ഏർപ്പെടുത്തിയ പുരസ്കാരത്തിന് ഭക്ഷ്യമന്ത്രി അഡ്വ. ജി ആർ അനിൽ അർഹനായി.
ആറിന് വൈകിട്ട് 4.30ന് വർക്കലയിൽ നടക്കുന്ന ചടങ്ങിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പുരസ്കാരം സമ്മാനിക്കുമെന്ന് സ്മാരക സൊസൈറ്റി പ്രസിഡന്റ് മാങ്കോട് രാധാകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. മന്ത്രി ജി ആർ അനിൽ ടി എ മജീദ് അനുസ്മരണ പ്രഭാഷണം നടത്തും.

കേരളത്തിന്റെ പൊതുവിതരണ സംവിധാനത്തെ കാര്യക്ഷമമായും ജനോപകാര പ്രദമായും നിലനിർത്തുന്നതിൽ നിർണായകമായ സംഭാവനകളാണ് മന്ത്രി എന്ന നിലയിൽ ജി ആർ അനിൽ നൽകുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ ശ്രദ്ധേയമായ പരിഷ്കാരങ്ങള്‍ അദ്ദേഹം നടപ്പാക്കി. പൊതുവിതരണ രംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പോകുന്ന കെ സ്റ്റോർ ജി ആര്‍ അനിലിന്റെ ഭരണമികവിന്റെ ഉദാഹരണമാണെന്നും പുരസ്കാര നിർണയ സമിതി വിലയിരുത്തി. പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ, വള്ളിക്കാവ് മോഹൻദാസ്, സ്മാരക സൊസൈറ്റി പ്രസിഡന്റ് മാങ്കോട് രാധാകൃഷ്ണൻ എന്നിവർ ഉൾപ്പെട്ട ജൂറിയാണ് പുരസ്കാരം നിശ്ചയിച്ചത്.
വാര്‍ത്താ സമ്മേളനത്തില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി പി ഉണ്ണികൃഷ്ണന്‍, ടി എ മജീദ് സ്മാരക സൊസൈറ്റി സെക്രട്ടറി വി മണിലാല്‍ എന്നിവര്‍ പങ്കെടുത്തു. 

Eng­lish Sum­ma­ry: TA Majeed Memo­r­i­al Award to Food Min­is­ter GR Anil

You may also like this video

Exit mobile version